ന്യൂഡൽഹി : പുനഃസംഘടന ചർച്ചകൾ ഡൽഹിയിൽ സജീവമാക്കിയിരിക്കുകയാണ് കെ.പി.സി.സി നേതൃത്വം. ഇന്നലെ എം.പിമാരുടെ അഭിപ്രായം കേൾക്കാൻ കേരള ഹൗസിൽ യോഗം ചേർന്നു. എറണാകുളo, തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിലെ ഡി.സി.സി അദ്ധ്യക്ഷൻമാരെ മാറ്റിയേക്കില്ല. മറ്റ് ഒൻപത് ജില്ലകളിലെ അദ്ധ്യക്ഷന്മാരെ മാറ്റുന്നതിൽ ചർച്ച നടന്നുവെന്നാണ് വിവരം. എറണാകുളം ഡി.സി.സി പ്രസിഡന്റിനെ മാറ്റുന്നത് ചർച്ചയിൽ ഇല്ലെന്നാണ് ഹൈബി ഈഡൻ എം.പിയുടെ പ്രതികരണം. കണ്ണൂർ, കോഴിക്കോട് മലപ്പുറം ഡി.സി.സികളിൽ മാറ്റം ആവശ്യമില്ലെന്ന് കെ. സുധാകരനും നിലപാടെടുത്തു. കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിനെ മാറ്റുന്നതിൽ കടുത്ത അതൃപ്‌തി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചെന്നാണ് സൂചന.
കൊടിക്കുന്നിൽ സുരേഷിന്റെ വസതിയിൽ എം.കെ. രാഘവനും ബെന്നി ബഹനാനും പ്രത്യേകം യോഗം ചേർന്നിരുന്നു. ജ്യോതി കുമാർ ചാമക്കാലയെയാണ് കെ.പി.സി.സി ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് അറിയുന്നു. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിൽ നേതൃത്വം തീരുമാനമെടുക്കും. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കെ.പി.സി.സി നേതൃത്വം ചർച്ച നടത്തി അന്തിമ പട്ടിക തയ്യാറാക്കും. പതിവുപോലെ ജംബോ പട്ടികയ്‌ക്കാണ് സാദ്ധ്യത. പുന:സംഘടന ചർച്ച നീട്ടിക്കൊണ്ടു പോകാതെ വേഗത്തിൽ ഹൈക്കമാൻഡിന് പട്ടിക കൈമാറാനാണ് ശ്രമമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.
എം.പിമാർക്ക് അതൃപ്‌തിയില്ല
കോൺഗ്രസ് പുനസംഘടനയിൽ എം.പിമാർ അതൃപ്തി രേഖപ്പെടുത്തിയെന്നത് തെറ്റായ വാർത്തയെന്ന് ഡൽഹിയിലെത്തിയ വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസിൽ ഒരു അനൈക്യവുമില്ല. എല്ലാവരുമായും കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എം.പിമാർ ഡൽഹിയിലുള്ളതു കൊണ്ടാണ് കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അവിടെ എത്തിയതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |