കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന് ബാധകം കേന്ദ്ര കമ്പനി നിയമമാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലുകളിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് വേണ്ടി കേരള രജിസ്ട്രാർ ഒഫ് കമ്പനീസ് എം. അരുൺ പ്രസാദ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചത്.
യോഗം തിരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞതിനെതിരെ യോഗത്തിന്റേത് ഉൾപ്പെടെ നാല് അപ്പീലുകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമാണ് യോഗത്തിന് ബാധകമാവുകയെന്നും പ്രാതിനിധ്യ വോട്ടവകാശ മാനദണ്ഡം സംസ്ഥാന സർക്കാരാണ് നിശ്ചയിക്കേണ്ടതെന്നുമുള്ള തീരുമാനങ്ങൾക്കെതിരെയായിരുന്നു അപ്പീൽ. യോഗം പ്രവർത്തനം കേരളത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രമല്ലെന്നും കേരളത്തിന് പുറത്ത് യൂണിയനുകളും ശാഖകളുമുള്ളതിനാൽ 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനി നിയമമല്ല, കേന്ദ്ര കമ്പനി നിയമമാണ് ബാധകമാക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 32 ലക്ഷം അംഗങ്ങളുണ്ടെന്നും കേരളത്തിന് പുറത്ത് 240 യൂണിറ്റുകളുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടിയിരുന്നു.
അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശനാണ് ഇന്നലെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് വിശദമായ വാദം കേൾക്കാൻ ആഗസ്റ്റ് 13ലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് നടപടികൾക്കുള്ള സ്റ്റേയും അന്നു വരെ നീട്ടി. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ് ഇനി കേസിൽ ഹാജരാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |