ബംഗളൂരു: നാൽപ്പത്തേഴുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ജെഡി(എസ് ) എം പി പ്രജ്വൽ രേവണ്ണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് അടുത്തിടെയാണ്. ബംഗളൂവിലെ പരപ്പന അഗ്രഹാര ജയിലിൽ 15528-ാം നമ്പർ തടവുകാരനായി സാദാ തടവുകാർക്കൊപ്പം ജയിലിലെ ജോലികൾ ചെയ്യുകയാണ് മുപ്പത്തിമൂന്നുകാരനായ പ്രജ്വൽ. ഒരുദിവസം എട്ടുമണിക്കൂർ നിർബന്ധമായും ജോലിചെയ്യണം. ഇതിന് ലഭിക്കുന്ന ശമ്പളമാകട്ടെ വെറും 524 രൂപയും. ഒരുകാലത്ത് വിവിഐപിയായിരുന്നുവെങ്കിലും ജയിലിൽ അയാൾക്ക് ഒരു പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല.
രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രജ്വലിനെ കുടുക്കിയ വഴികൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാൻ പ്രജ്വൽ ചെയ്ത ചില കാര്യങ്ങളാണ് വൻ കുരുക്കായതും. അതിലൊന്നായിരുന്നു താൻ ബലാത്സംഗത്തിനിരയാക്കിയ ജോലിക്കാരിയുടെ സാരി സൂക്ഷിച്ചത്.
2021ലായിരുന്നു ജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടിൽ വച്ചും ഹാസനിലെ ഫാം ഹൗസിൽ വച്ചും രണ്ടുതവണയായിരുന്നു പീഡനം. അധികാരത്തിന്റെ ബലത്തിൽ വിരാജിച്ചിരുന്ന പ്രജ്വലിനെതിരെ ആ പാവം വീട്ടുജോലിക്കാരിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് പ്രജ്വലിന്റെ ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇത് കോളിളക്കം സൃഷ്ടിച്ചതോടെ 2024 മേയ് രണ്ടിന് പ്രജ്വലിനും പിതാവിനും എതിരെ ജോലിക്കാരി പീഡനപരാതി കൊടുത്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ വിവരങ്ങൾ ഒന്നൊന്നായി മറനീക്കി പുറത്തുവന്നു.
സാരിയും ബീജവും
ജോലിക്കാരിയെ പീഡിപ്പിച്ചതിനുശേഷം പ്രജ്വൽ അവരുടെ സാരി സൂക്ഷിച്ചു. ഒരുപക്ഷേ, ജോലിക്കാരി തനിക്കെതിരെ പരാതി നൽകിയാൽ തെളിവുകിട്ടാതെ കേസ് തള്ളിപ്പോകാനായിരുന്നു ഇത്. ഫാം ഹൗസിലെ തട്ടിനുമുകളിലായിരുന്നു സാരി പ്രജ്വൽ സൂക്ഷിച്ചിരുന്നത്. ഇത് നശിപ്പിക്കാൻ മറന്നുപോവുകയും ചെയ്തു. തെളിവുകൾ ശേഖരിക്കാൻ ജോലിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫാം ഹൗസിലെത്തി.അതിക്രമം ഉണ്ടാകുമ്പോൾ എന്താണ് ധരിച്ചിരുന്നതെന്നായിരുന്നു ജോലിക്കാരിയോട് പൊലീസ് ചോദിച്ചത്. സാരിയായിരുന്നു എന്നും അത് പ്രജ്വൽ തിരികെ തന്നില്ലെന്നും അവർ പറഞ്ഞു. അതോടെ ഫാം ഹൗസ് മുഴുവൻ പരിശോധിച്ചു. തട്ടിൻമുകളിൽ പൊടിപിടിച്ചുകിടക്കുന്ന സാരി കണ്ടെത്തി. ഇത് തന്റേതാണെന്ന് ജോലിക്കാരി പറഞ്ഞതോടെ സാരി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ അതിൽനിന്ന് തെളിവുകൾ എന്തെങ്കിലും കിട്ടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരുറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ പരിശോധനയിൽ അതിൽ പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ അത് പ്രജ്വലിന്റേതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. വിചാരണവേളയിൽ പ്രജ്വലിനെതിരെയുള്ള ഏറ്റവും പ്രധാന തെളിവായി ഇത് മാറുകയും ചെയ്തു.
ഫാം ഹൗസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ജോലിക്കാരിയുടെ പൊടിപിടിച്ച അടിവസ്ത്രത്തിലും പുരുഷ ബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |