തിരുപ്പൂർ: സ്‌പെഷ്യൽ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ ഷൺമുഖവേലിനെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്‌ഠനെ പൊലീസ് വെടിവച്ചു കൊന്നു. തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ മറ്റൊരു പൊലീസുകാരൻ പരിക്കേറ്റ് ചികിത്സയിലാണ്.
തിരുപ്പൂർ എംഎൽഎ സി മഹേന്ദ്രന്റെ ഫാം ഹൗസിൽ തൊഴിലാളികൾ തമ്മിലുണ്ടായ കയ്യാങ്കളി അന്വേഷിക്കാനെത്തിയപ്പോഴാണ് ഷൺമുഖവേലിന് ജീവൻ നഷ്‌ടമായത്. ഫാം ഹൗസിലെ തൊഴിലാളികളായ മൂർത്തി, മകൻ തങ്കപാണ്ടി എന്നിവരും രണ്ട് തൊഴിലാളികളും തമ്മിലായിരുന്നു മദ്യലഹരിയിൽ കയ്യേറ്റമുണ്ടായത്. ഗുരുതര പരിക്കേറ്റ മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് തങ്കപാണ്ടി അരിവാൾ ഉപയോഗിച്ച് ഷൺമുഖനെ വെട്ടിയത്.
പൊലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടർന്നെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഷൺമുഖൻ മരിച്ചിരുന്നു. മൂർത്തിയും തങ്കപാണ്ഡിയും പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കൊപ്പം കേസിൽ പ്രതിയായിരുന്ന മണികണ്‌ഠൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്ന് അധികൃതർ പറഞ്ഞു.
കേസിൽ അഞ്ച് സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷൺമുഖവേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സബ് ഇൻസ്‌പെക്‌ടറുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ഷൺമുഖവേലിന്റെ സംസ്‌കാരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |