'കിഗ്ഡം" സിനിമയിൽ വിജയ് ദേവരകൊണ്ട നേരിട്ട വില്ലൻ തെലുങ്ക് പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെ കയറി. മുരുകൻ എന്നും വെങ്കി എന്നും ഇവർ സ്നേഹത്തോടെ വിളിക്കുന്നു.ഈ സ്നേഹ വിളികൾ തരുന്ന വലിയ സന്തോഷത്തിന്റെ നടുവിലാണ് വെങ്കിടേഷ്. തെലുങ്കിൽ ഗംഭീര അരങ്ങേറ്റം കുറിച്ച വെങ്കിടേഷ് മലയാളത്തിനും അഭിമാനമാകുന്നു. സ്റ്റാൻഡ് അപ്പ് , ദ പ്രീസ്റ്ര് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതൻ.
ഈ സമയം ആഗ്രഹിച്ചത്
പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ ഒരുപാട് ആഗ്രഹിച്ചതാണ്. 'നീ ജയിക്കണം എന്ന് അവർ പറയുന്നത് വലിയ കാര്യമാണ് ". ആദ്യമായാണ് തെലുങ്ക് സിനിമ ചെയ്യുന്നത്. 'കിംഗ്ഡം "കണ്ട മലയാളി പ്രേക്ഷകരും നല്ല അഭിപ്രായം പറഞ്ഞു . ജേഴ്സി സംവിധാനം ചെയ്ത ഗൗതം ടിന്നനൂരിയുടെ സിനിമയാണ് 'കിംഗ്ഡം". അസാധ്യ ടെക്നീഷ്യൻ. കിംഗ്ഡത്തിൽഅഭിനയിക്കാൻ വിളി വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. വിജയ് ദേവരകൊണ്ടയുടെ വില്ലൻ എന്നെ സംബന്ധിച്ച് തെലുങ്കിൽ ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കം എന്ന് വിശ്വസിക്കുന്നു.വളരെ നല്ല മനുഷ്യനാണ് വിജയ് ദേവരകൊണ്ട. ഒപ്പം അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് നല്ല സ്വഭാവമാണ്.
ഇനി വരുന്ന സിനിമയും അടിപൊളിയാകണം എന്നാണ് എന്റെ ആഗ്രഹം.പുതിയ കഥകൾ കേൾക്കുന്നുണ്ട്.
ബെസ്റ്റ് ആക്ടർ കണ്ട് സിനിമയോട് ഇഷ്ടം
അഭിനേതാവാകണം എന്ന ആഗ്രഹമൊന്നും സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നില്ല. ലാലേട്ടന്റെയും മമ്മുക്കയുടെയുംരജനികാന്തിന്റെയും സിനിമകൾ കാണുമായിരുന്നു. കൂടുതലും രജനികാന്ത് സിനിമകൾ, കുടുംബം മുഴുവനും തലൈവർ ഫാനാണ്. ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ടു . മമ്മുക്കയുടെ 'ബെസ്റ്റ് ആക്ടർ "കണ്ടാണ് സിനിമയോട് ഇഷ്ടം തോന്നുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് സിനിമ മതിയെന്ന് ഉറപ്പിച്ചു. കുറെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്രായി.
രണ്ട് സീരിയലുകളിലും അഭിനയിച്ചു . ഫേസ്ബുക്കിൽ അവസരങ്ങൾ ചോദിച്ചു. ചില സിനിമകൾ പ്രഖ്യാപിച്ച ശേഷം നടക്കാതെ പോയിയിട്ടുണ്ട് . ലാലേട്ടന്റെ 'വെളിപാടിന്റെ പുസ്തകം" ആണ് പിന്നെ ചെയ്യുന്നത്. അതിലും ചെറിയ വേഷം. എന്നാൽ ഷൂട്ട് തുടങ്ങി 19-ാം ദിവസം ഭാഗ്യത്തിന് ഡയലോഗ് കിട്ടി. ഒടിയനിലും ചെറിയ ഡയലോഗുണ്ട്. വെളിപാടിന്റെ പുസ്തകത്തിൽ ലാൽ ജോസ് സാറിന്റെ ചീഫ് അസോസിയേറ്റ് അനിലേട്ടനാണ് 'നായിക നായകൻ" റിയാലിറ്രി ഷോയെപ്പറ്റി പറഞ്ഞത്. ഭാഗ്യത്തിന് സെലക്ഷൻ കിട്ടി. ആ ഷോയാണ് ജീവിതത്തിലെ വഴിത്തിരിവ്. അച്ഛനെയും അമ്മയെയും സ്റ്റേജിൽ കയറ്റാൻ കഴിഞ്ഞു. അതിന് ശേഷവും എന്നെ വച്ചൊരു സിനിമ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
സ്റ്റാൻഡ് അപ്പ് ആയ നിമിഷം
നായിക നായകനിൽ മൈം പഠിപ്പിച്ച വിനു ചേട്ടൻ 'സ്റ്റാൻഡ് അപ്പ് " സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞു. 'സ്റ്റാൻഡ് അപ്പ് "കഴിഞ്ഞ് ദ പ്രീസ്റ്റ്, ഖോ - ഖോ, വേദ എന്നീ സിനിമകൾ ചെയ്തു. വേദയ്ക്കുശേഷം അവസരങ്ങളൊന്നും വന്നില്ല. ആ സമയത്താണ്അച്ഛൻ മരിക്കുന്നത്. അമ്മയെ നോക്കണം എന്ന ഉത്തരവാദിത്വമുണ്ട്. മറ്രൊരു ജോലിയെ പറ്റി ആലോചിച്ചു. അപ്പോഴാണ്
'റിബൽ" എന്ന തമിഴ് സിനിമയിലേക്ക് വിളിക്കുന്നത്. വേദയുടെ ട്രെയിലർ കണ്ടാണ് അവർ വിളിച്ചത്.'റിബൽ" ആണ് കിംഗ്ഡത്തിൽ എത്തിച്ചത്. സിനിമയില്ലാതിരുന്ന സമയത്ത് വരുമാനത്തിന് ചെറിയ ചില ജോലികൾക്ക് പോയി . വീട്ടിൽ അറിയാതെ കൊവിഡ് സമയത്ത് ഫുഡ് ഡെലിവറി ചെയ്തു. ഇഷ്ടമല്ലാത്ത സിനിമകൾ പണത്തിനു വേണ്ടി ചെയ്യാൻ തോന്നിയിട്ടില്ല. സിനിമയിൽ ഇടവേള വരുമ്പോൾ വിഷമവും ടെൻഷനും എല്ലാം ഉണ്ടായിട്ടുണ്ട്. ഇത്രയും അവസരങ്ങൾ കിട്ടിയതിൽ സന്തോഷിക്കണമെന്നും മറ്റുള്ളവരുടെ ജീവിതവുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും പഠിച്ചു. നടൻ ധനുഷിന്റെ ഈ വാക്കുകൾ പ്രചോദനം തന്നു.
മാതാപിതാക്കളാണ് ബലം
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും വീട്ടിൽ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ എം.കോം കഴിഞ്ഞ് ഇഷ്ടമുള്ളത് ചെയ് തോ എന്ന് പറഞ്ഞു. മാതാപിതാക്കൾ തന്നെയാണ് എന്റെ ബലം. കാരണം ഇത്രയും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും അവർ അതൊന്നും അറിയിച്ചില്ല. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചസിനിമകൾ പോലും തിയേറ്ററിൽ കണ്ട് സന്തോഷം അറിയിച്ചു. എന്റെ രണ്ടു സിനിമ നടക്കാതിരുന്നപ്പോഴും, അത് പോട്ടെ നിനക്ക് ഉള്ളത് വരുമെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചത് അവരാണ്. മുരുകനായി സ്ക്രീനിൽ വന്നപ്പോൾ കയ്യടിയൊക്കെ കിട്ടിയെന്ന് അമ്മ പറഞ്ഞു. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് അടുത്ത് പടിഞ്ഞാറെക്കോട്ടയിലാണ് വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |