ദുബായ്: പ്രവാസികളുടെ സ്വര്‍ഗം എന്നാണ് ഗള്‍ഫ് രാജ്യങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് ജീവിതത്തില്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിട്ടുള്ളത്. നിരവധി ഗള്‍ഫ് രാജ്യങ്ങളുള്ളതില്‍ പക്ഷേ പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയം യുഎഇയോടാണ്. അതിന് പ്രധാന കാരണം മെച്ചപ്പെട്ട തൊഴില്‍ സാദ്ധ്യത തന്നെയാണ്. താമസിക്കുന്നതിനും ജോലിചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച രാജ്യമെന്ന പദവിക്കുപുറമേ തൊഴില്‍വിപണിയും ഇപ്പോള്‍ മുന്നിലെത്തിയിരിക്കുകയാണ് യുഎഇ.
ഐഎംഡി വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് ഇയര്‍ബുക്കിന്റെ 2025 പതിപ്പിലാണ് 10 പ്രധാന തൊഴില്‍വിപണി സൂചകങ്ങളില്‍ യുഎഇ ഒന്നാംസ്ഥാനം നേടിയത്. വികസനത്തിനും മത്സരക്ഷമതയ്ക്കുമുള്ള ആഗോള മാതൃക എന്ന നിലയില്‍ രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പുതിയ നേട്ടം. വികസിത സമ്പദ്വ്യവസ്ഥകളില്‍നിന്നുള്ള മത്സരത്തെ നേരിട്ടാണ് യുഎഇ ഈ മേഖലയില്‍ തങ്ങളുടെ സ്ഥാനം ഒന്നാമതായി നിലനിര്‍ത്തിയിരിക്കുന്നത്.
തൊഴിലാളികളെ സംബന്ധിച്ചിടത്തോളും അനുകൂല സാഹചര്യങ്ങളുടെ ലഭ്യതയാണ് യുഎഇയെ മേഖലയിലെ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് പ്രിയപ്പെട്ടതാക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമങ്ങളും അത് കൃത്യമായി നടപ്പിലാക്കാനുള്ള ഭരണാധികാരികളുടെ മികവും യുഎഇയുടെ ഈ നേട്ടത്തിന് പിന്നിലുണ്ട്. നാമമാത്രമായ തൊഴില്‍ തര്‍ക്കങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിടലിന് കുറഞ്ഞചെലവ്, തൊഴിലിലെ വളര്‍ച്ച, അന്താരാഷ്ട്ര പ്രവൃത്തിപരിചയം, തൊഴില്‍വിപണിയിലെ മത്സരക്ഷമത, ജോലി സമയം, തൊഴില്‍ നിരക്ക്, എപ്ലോയ്മെന്റ് റേറ്റ് എന്നിവയെല്ലാം തൊഴില്‍വിപണി സൂചികയില്‍ യുഎഇയെ ഒന്നാമതെത്തിച്ചു. സമീപകാലങ്ങളില്‍ ഒട്ടേറെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ യുഎഇ നടപ്പാക്കിയിരുന്നു.
ഇതെല്ലാം നേട്ടങ്ങള്‍ക്ക് കാരണമായാണ് വിലയിരുത്തുന്നത്. യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണമന്ത്രാലയം തൊഴില്‍ വിപണി ആകര്‍ഷണം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തിലെ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ പദ്ധതികളും യുഎഇ നടപ്പിലാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |