കുവൈത്ത് സിറ്റി: കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. 160 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് സൂചന. കണ്ണൂർ സ്വദേശി ഉൾപ്പെടെ കുറഞ്ഞത് ആറ് മലയാളികളെങ്കിലും മരിച്ചവരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരുടെ പേരുകൾ പുറത്തുവിടുന്നതിന് കർശന നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 51 പേരെ ഡയാലിസിസിന് വിധേയരാക്കി. 21 പേർക്ക് ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെട്ടുവെന്ന് കുവൈത്തിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം കുവൈത്ത് സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് കുവൈത്ത് അധികൃതർ അഭ്യർത്ഥിച്ചു. 40 ഓളം ഇന്ത്യൻ പൗരന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ചിലരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിന്റെ (31) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. നാലു വർഷം മുമ്പാണ് സച്ചിൻ കുവൈത്തിലെത്തിയത്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +96565501587 എന്ന ഹെൽപ് ലൈൻ നമ്പറിൽ വാട്സ്ആപ്പ് വഴിയോ നേരിട്ടോ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |