തിരുവനന്തപുരം: പട്ടികവിഭാഗം ജനതയ്‌ക്ക് ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ സ്വപ്നങ്ങളാണ് കഴിഞ്ഞ ഒമ്പതു വർഷത്തിൽ സാദ്ധ്യമാക്കിയതെന്നും അതാണ് യഥാർഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളുമായി താതരമ്യംചെയ്താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ് കേരളത്തിലെ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്. ജാതിയുടെ പേരിലുള്ള ആക്രമണങ്ങളോ, ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യതുല്യതയിൽ സമാധാനപൂർണമായി ജീവിക്കാൻ കഴിയുന്നുണ്ട്. ഭൂരഹിത പട്ടികവർഗക്കാരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്നതിൽ വലിയ മുന്നേറ്റമുണ്ടായി. ഒമ്പതു വർഷത്തിനുള്ളിൽ 9,162 കുടുംബത്തിനായി 8,680 ഏക്കർ ഭൂമിയാണ് കൈമാറിയത്. 2016 മുതൽ ഇതുവരെ പട്ടികവർഗ വിഭാഗങ്ങളുടെ പദ്ധതികൾക്കായി 5752 കോടി രൂപ വകയിരുത്തി. ഇതിൽ 4,733 കോടി ചെലവഴിക്കാനായി. എസ്.സി, എസ്.ടി വിദ്യാർത്ഥികളിൽ ഒരാൾപോലും കൊഴിഞ്ഞുപോകുന്നില്ല. എസ്.സി വിഭാഗത്തിലെ 4.5 ലക്ഷം വിദ്യാർത്ഥികളും എസ്.ടി വിഭാഗത്തിലെ 80,000 വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നു. ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. കൊല്ലം, മലപ്പുറം ജില്ലകളും ഉടൻ ആ പദവിയിലേക്കെത്തും.
മന്ത്രി ഒ.ആർ.കേളു അദ്ധ്യക്ഷനായി. സ്മാർട്ട് പഠനമുറി പുതിയ പദ്ധതി പ്രഖ്യാപനവും ഉന്നതതല ദുരന്ത നിവാരണ പദ്ധതി മാർഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ചെറുവയൽ രാമൻ, ലക്ഷ്‌മിക്കുട്ടി അമ്മ, പരപ്പിഅമ്മ,ശ്രീധന്യ,ദേവി കൃഷ്ണ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി വി.ശിവൻകുട്ടി,എം.എൽ.എ മാരായ ആന്റണി രാജു,വി.കെ.പ്രശാന്ത്,ജി.സ്റ്റീഫൻ, ഡി.കെ.മുരളി,ഒ.എസ് .അംബിക,കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |