കൊല്ലം: പ്രീ പ്രൈമറി അദ്ധ്യാപക നിയമനം പൂർണമായും പി.എസ്.സിക്ക് വിടാനുള്ള യോഗ്യതാ മാനദണ്ഡം തീരുമാനമാകുന്നതിന് മുമ്പേ വിജ്ഞാപനം ഇറക്കി പി.എസ്.സി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒഴിവിലേക്കാണ് 35600- 75400 രൂപ ശമ്പള വ്യവസ്ഥയിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. സെപ്തംബർ 3ന് മുമ്പ് അപേക്ഷിക്കണം.
സംസ്ഥാനത്ത് സർക്കാർ എൽ.പി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽപ്പരം പ്രീ പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 50 പ്രീ പ്രൈമറി സീറ്റിൽ മാത്രമാണ് പി.എസ്.സി നിയമനം. മറ്റിടങ്ങളിൽ പി.ടി.എ വഴിയാണ് നിയമനം. പി.ടി.എ നിയമനത്തിന് മാർഗനിർദ്ദേശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ യോഗ്യതയില്ലാത്തവരും അറുപത് വയസ് പിന്നിട്ടവരും അദ്ധ്യാപകരായി തുടരുകയാണ്.
പി.എസ്.സി പ്രീ പ്രൈമറി വിഭാഗത്തിനുവേണ്ടി ജില്ലാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019ലെ വിജ്ഞാപനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2024 ലാണ്. ഏഴ് ജില്ലകളിൽ റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും നാമമാത്ര നിയമനങ്ങളാണ് നടന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 440 പ്രീ-പ്രൈമറി വിദ്യാലയങ്ങളിൽ വർണക്കൂടാരം പദ്ധതി നടപ്പാക്കിയിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങളിൽ പോലും റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകിയിട്ടില്ല.
അധികച്ചെലവിൽ കണ്ണടച്ച് സർക്കാർ
റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുമ്പോൾ ഉയർന്ന ശമ്പളം നൽകണം
പി.ടി.എ വഴിയുള്ള നിയമനങ്ങൾക്ക് 12500 രൂപ നൽകിയാൽ മതി
ഓണറേറിയം 2012 വരെയുള്ള നിയമനങ്ങൾക്ക് സർക്കാരും തുടർന്നുള്ളതിന് പി.ടി.എയും
ഓണറേറിയം 27500 ആക്കണമെന്ന ഹൈക്കോടതി ഉത്തരവും പാലിച്ചില്ല
ആയമാരുടേത് 22500 രൂപയായി ഉയർത്തണമെന്നും ഹൈക്കോടതി
അദ്ധ്യാപകരായി നിയമിക്കുന്നത് പി.പി.ടി.ടി.സി യോഗ്യതയുള്ളവരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |