ന്യൂഡൽഹി: അധിക തീരുവ ചുമത്തിയതിലെ തർക്കങ്ങൾ തുടരവെ ഇന്ത്യ പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതെന്നും ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുമെന്നും പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്. ഇന്ത്യയുമായുള്ള ചർച്ചകൾ പൂർണ തോതിൽ തുടരും. സ്‌റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ അതേക്കുറിച്ച് കഴിഞ്ഞ ദിവസം വിശദീകരിച്ചിട്ടുണ്ട്. വിദേശനയത്തിൽ എല്ലാകാര്യങ്ങൾക്കും ഒരേപോലെ ഒത്തുപോകണമെന്നില്ല. ഇന്ത്യയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ചും റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുമുള്ള ആശങ്കകളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. അതിൽ അദ്ദേഹം നേരിട്ട് നടപടിയെടുക്കുന്നതും എല്ലാവരും കണ്ടുവെന്നും ടോമി പിഗോട്ട് വ്യക്തമാക്കി.
50 ശതമാനം തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാത്തതുമാണെന്ന് പ്രതികരിച്ച ഇന്ത്യയുടെ നീക്കങ്ങൾ ശ്രദ്ധിച്ച ശേഷമാണ് യു.എസ് നിലപാട് വ്യക്തമാക്കിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്‌ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |