തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അനാസ്ഥ തുറന്നുകാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനോട് പകപോക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ആരോഗ്യ വകുപ്പ് അടവുമാറ്റി. അനുനയത്തിന്റെ ഭാഗമായി ഡോക്ടറെ ആരോഗ്യമന്ത്രി വീണാ ജോർജ് നേരിൽക്കണ്ടു. ഒരാഴ്ച അവധിയിലായിരുന്ന ഡോ. ഹാരിസ് ഇന്നലെ ജോലിയിൽ പ്രവേശിച്ചു.
ഹാരിസ് കള്ളത്തരം കാട്ടിയെന്നുവരുത്താൻ കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ വാർത്താസമ്മേളനം വെറും നാടകമാണെന്ന് തെളിഞ്ഞിരുന്നു. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിനു വന്ന ഫോൺകോളും സർജിക്കൽ ഉപകരണം കാണാതായെന്ന ആരോപണം ഹാരിസ് തന്നെ പൊളിച്ചതും പൊതുജനമദ്ധ്യത്തിൽ വകുപ്പിനെപ്പറ്റി അവമതിപ്പുണ്ടാക്കി.
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഹാരിസിനെ പിന്തുണച്ച് നിലപാട് കടുപ്പിച്ചതും സർക്കാരിന് പ്രതിസന്ധിയായി. ഇതോടെയാണ് രമ്യപരിഹാരത്തിന് വഴി തുറന്നത്. ഇതിനിടെ, ഡി.എം.ഇ അന്വേഷണ റിപ്പോർട്ട് സർക്കാരിനു കൈമാറി. ഉപകരണം കാണാതായതിൽ ഹാരിസിന് പങ്കുള്ളതായി റിപ്പോർട്ടിലില്ല. ഹാരിസിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുമില്ല.
ആ ഫോൺ കോൾ
തന്റേതെന്ന് ഡി.എം.ഇ
വാർത്താസമ്മേളനത്തിനിടെ വന്ന ഫോൺകോൾ തന്റേതാണെന്ന് ഡി.എം.ഇ ഡോ. വിശ്വനാഥൻ വെളിപ്പെടുത്തി. പ്രിൻസിപ്പലിനും സൂപ്രണ്ടിനും മാദ്ധ്യമങ്ങളെ കണ്ട് പരിചയമില്ലാത്തതിനാൽ നിർദ്ദേശങ്ങൾ നൽകിയതാണ്. ഉപകരണം നഷ്ടമായ വിവരവും പിന്നീട് അവിടെത്തന്നെ കണ്ടെത്തിയതും അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്ന് ഫോണിൽ നിർദ്ദേശിക്കുകയായിരുന്നു.
'ഞാനൊരു തുറന്ന
പുസ്തകം"
അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ്. അന്വേഷണത്തെ ഭയക്കുന്നില്ല. ഉപകരണം തിരിച്ചറിയാതെ പോയതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. വിവാദങ്ങൾ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയോട് ക്ഷമ ചോദിച്ചു. ഉന്നയിച്ച കാര്യങ്ങൾ സർക്കാരിലേക്ക് എത്താത്തതാണ് പ്രശ്നം. ഉദ്യോഗസ്ഥതലത്തിൽ ഫയൽ നീക്കമില്ല. സർക്കാർ പിന്തുണ നൽകുന്നുണ്ട്. വിവാദങ്ങൾക്കൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |