മലയാളത്തിൽ മാത്രമല്ല, മറ്റു ഭാഷകളിൽപ്പോലും നിരവധി ആരാധകരുള്ള നടനാണ് ഫഹദ് ഫാസിൽ. നായകനായെത്തിയ ആദ്യ സിനിമ പരാജയപ്പെട്ടതിനുശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഫഹദ് വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് വന്നത്.
ഇപ്പോഴിതാ ഫഹദ് മുമ്പ് വാങ്ങിയിരുന്ന പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. 'ചാപ്പാ കുരുശ്' എന്ന സിനിമയ്ക്ക് വാങ്ങിയ പ്രതിഫലമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ ടൂർണമെന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ 65,000 രൂപയായിരുന്നു ഫഹദിന്റെ പ്രതിഫലമെന്നും ലിസ്റ്റിൻ പറഞ്ഞു.
'ചാപ്പാ കുരുശിൽ അഭിനയിച്ചതിന് ശേഷം എനിക്ക് ഫഹദുമായി ഒരു സിനിമ ചെയ്യാൻ പറ്റിയില്ല. ഞാൻ ഇപ്പോഴും ഓർക്കുകയാണ്. 2011ൽ ഞാൻ ആ സിനിമ ചെയ്യുമ്പോൾ ശമ്പളം എത്രയാണെന്ന് ഫഹദിനോട് ചോദിച്ചപ്പോൾ, ലിസ്റ്റിൻ എന്താണെന്നുവച്ചാൽ തന്നാൽ മതിയെന്ന് പറഞ്ഞു. ടൂർണമെന്റിൽ 65,000 രൂപയ്ക്കാണ് ചെയ്തതെന്ന് ഫഹദ് എന്നോട് പറഞ്ഞു.
ഒരു ജൂനിയർ ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ഫഹദാണ് അതിൽ അഭിനയിച്ചത്. ഫുൾ എനർജിയിൽ ആ സിനിമയുടെ ഡയറക്ടറായി, റൈറ്ററായി, നടനായി എല്ലാ രീതിയിലും ഫഹദുണ്ടായിരുന്നു. അന്ന് ഫഹദിന് ഞാൻ കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനിൽക്കുന്നു. ഇന്ന് ചിലപ്പോൾ അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടത്തില്ല. അതാണ് സിനിമയെന്ന് പറയുന്ന മാജിക്.'- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |