SignIn
Kerala Kaumudi Online
Sunday, 17 August 2025 4.26 AM IST

വിനായകനെ മര്യാദ പഠിപ്പിക്കണം, യേശുദാസിന്റെ പേരെടുത്തുപറഞ്ഞ് മാപ്പ് പറയണമെന്ന് ഗായക സംഘടന

Increase Font Size Decrease Font Size Print Page
vinayakan

കൊച്ചി: ഗായകനും സമം ചെയർമാനുമായ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ച നടൻ വിനായകന് മാപ്പില്ലെന്ന് ഗായകരുടെ സംഘടനയായ സമം. യേശുദാസിനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ സഹൃദയരുണ്ടാവില്ലെന്നും സംഘടന വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിനാശകന് മാപ്പില്ല!

ഇൻഡ്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മുതിർന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയർമാനുമായ സംഗീതജ്ഞൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികൾ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിർന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല. "ശ്രീ വിനായകം നമാമ്യഹം" എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ - ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.

മുമ്പൊരിക്കൽ സൈബർ അക്രമങ്ങൾ അതിരു കടന്നപ്പോൾ സമം സൈബർ സെല്ലിൽ പരാതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും താൽപര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.

സമത്തിന്റെ പ്രതിഷേധക്കുറിപ്പിൽ, സമുന്നതനായ ഗന്ധർവ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കിൽ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേർക്കപ്പെട്ടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായിക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു.

"വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല." ഈ സംസ്കാരശൂന്യതയ്ക്കെതിരെ - സൈബർ ഗുണ്ടായിസത്തിനെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും. മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തുപറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു സോറി അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിനപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

TAGS: YESUDAS, VINAYAKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.