ചെന്നൈ: ഒന്നര പതിറ്റാണ്ടിനു ശേഷം ചെന്നൈ നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കുന്നു. ഇലക്ട്രിക് ഡബിൾ ഡെക്കറുകളാണ് സവാരിക്കെത്തുന്നത്. പുതിയ ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞു. അണ്ണാശാല, കാമരാജർ ശാല, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിലെ റൂട്ടുകളിൽ സർവീസ് നടത്താൻ 20 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങാനാണ് എം.ടി.സി തീരുമാനം. നാഷനൽ ക്ലീൻ എയർ മിഷൻ പദ്ധതിയിൽപെടുത്തിയാണ് ഇലക്ട്രിക് ബസ് വാങ്ങുന്നത്.
ഒരു കാലത്ത് മൗണ്ട് റോഡിലെ സ്ഥിരം കാഴ്ചയായിരുന്ന ഡബിൾ ഡെക്കറും വെസ്റ്റിബ്യൂൾ ബസുകളും. പുതിയ കാലത്തിനനുസരിച്ചു രൂപം മാറിയാണ് ഇരുനില വാഹനങ്ങൾ തിരികെയെത്തുന്നത്.
എം.ടി.സി (മെട്രോപ്പൊലിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ) അടുത്തയിടെ പുറത്തിറക്കിയ ലോഫ്ലോർ ബസുകൾക്കും ഇലക്ട്രിക് ബസുകൾക്കും യാത്രക്കാരിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഭിന്നശേഷിക്കാർക്കും പ്രായമേറിയവർക്കും ആയാസം കൂടാതെ യാത്ര ചെയ്യാൻ സഹായിക്കുന്നതിനാൽ ലോഫ്‌ളോർ ബസുകൾ കാത്തു നിന്നു യാത്ര ചെയ്യുന്നവരുമുണ്ട്. ഇതിനു പുറമേയാണ് നഗരവാസികളും വിനോദ സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡബിൾ ഡെക്കറുകളും നിരത്തിലിറങ്ങുന്നത്.
ഡബിൾ ഡെക്കർ ബസുകളിൽ 90 പേർക്ക് ഇരുന്നു യാത്ര ചെയ്യാൻ സാധിക്കും. ബസുകളുടെ അറ്റകുറ്റപ്പണി സ്വകാര്യ കരാറുകാരെ ഏൽപിക്കാനാണു പദ്ധതി. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് എം.ടി.സി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |