ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാവരുടെയും ബോസ് ആണെന്ന് സ്വയം കരുതുന്ന യു.എസ് ഭരണകൂടത്തിന് ഇന്ത്യയുടെ പുരോഗതി സഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംഗ് പരിഹസിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അതിവേഗം വികസിക്കുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. എല്ലാവരുടെയും ബോസ് താനാണ് എന്നാണ് അവരുടെ വിചാരമെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെയാണ് പ്രതികരണം. ഇന്ത്യൻ ഉത്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവയുടെ വില വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും ഇന്ത്യ ആഗോളശക്തിയാകുന്നത് തടയാൻ ആർക്കുമാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് തുടർന്നതാണ് 25 ശതമാനം അധികത്തീരുവ കൂടി ചുമത്താനിടയാക്കിയത്. കർകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അതിന് എന്ത് വില കൊടുക്കാനും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് മറുപടി നൽകിയിരുന്നു.
പ്രതിരോധ കയറ്റുമതി വർദ്ധിച്ചു
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയെ നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ തകയറ്റുമതി 24,000 കോടി കവിഞ്ഞിരിക്കുകയാണെന്നും അത് വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചത്. അത് വിജയത്തിൽ നിർണായകമായി. പ്രതിരോധരംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയിച്ചു. നേരത്തെ വിദേശങ്ങളിൽ ആയുധങ്ങളും വിമാനങ്ങളും വാങ്ങിയിരുന്ന ഇന്ത്യ, ഇന്ന് സ്വയംപര്യാപ്തത നേടിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |