തിരുവനന്തപുരം : രോഗികൾക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കേരളം കൂടെനിന്നെങ്കിലും സഹപ്രവർത്തകർ ഒറ്റികൊടുത്തെന്ന് മെഡിക്കൽ കോളേജിലെ യൂറോളജി മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. ഞായറാഴ്ച രാത്രി കേരള ഗവ. മെഡിക്കൽകോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാട്സാപ് ഗ്രൂപ്പിലാണ് വൈകാരിക നൊമ്പരം പങ്കുവച്ചത്. ഇന്നലെ രാവിലെ മാദ്ധ്യമങ്ങൾക്ക് മുന്നിലും തുന്നടിച്ചു.
സഹപ്രവർത്തകനായ സുഹൃത്തിനെ ജയിലിലേക്ക് അയക്കാൻ കാണിച്ച വ്യഗ്രത മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ചില വെള്ളിനാണയങ്ങൾക്ക് വേണ്ടി മരണത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചവർക്ക് കാലം മാപ്പ് നൽകട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കള്ളനാക്കി ലോകത്തിനു മുന്നിൽ ചിത്രീകരിച്ചു. കുരിശിലേറ്റാൻ ശ്രമിച്ചു. താൻ ചികിത്സയിൽ ആണെന്ന് അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഫോണിലൂടെയോ നേരിട്ടോ ഒരു വിശദീകരണവും ചോദിച്ചില്ല. 30വർഷത്തിൽ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും ജോലി ചെയ്തവരുമാണ് ഉപദ്രവിച്ചത്. പിന്നിൽനിന്ന് കുത്തുമെന്ന് കരുതിയില്ല.
അതേസമയം, വകുപ്പ് മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരുടെയും സഹായംവേണമെന്ന് ഡോ.ഹാരിസ് പറഞ്ഞു. ഉപകരണത്തിനും മറ്റു സൗകര്യത്തിനും സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും സഹകരണം ആവശ്യമാണ്. ഞാൻ ജോലിക്കാരൻ മാത്രമാണ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഒത്തുചേർന്നാണ് രോഗിയെ രക്ഷിക്കുന്നത്. ശത്രുപക്ഷത്ത് നിൽക്കാൻ കഴിയില്ല.മേലധികാരികളുമായി സഹകരിച്ച്‌പോകണമെന്നാണ് ആഗ്രഹം.
തന്നോട് പ്രതികാര നടപടി ഉണ്ടായിട്ടില്ല.
#വാർത്താസമ്മേളനം ഞെട്ടിച്ചു!
മന്ത്രിയും ഡി.എം.ഇയും തന്നെ കണ്ടു സമാധാനപ്പെടുത്തിയ ശേഷംസഹപ്രവർത്തകർ നടത്തിയ വാർത്താസമ്മേളനം ഞെട്ടിച്ചു. മെഡി.കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരുകുഴപ്പവുമില്ല എന്നാണ് എന്നോട് പറഞ്ഞത്. പിന്നീടാണ് ട്വിസ്റ്റ് ഉണ്ടായത്. പരിചയമില്ലാത്ത ഉപകരണം മുറിയിൽ കണ്ടെങ്കിൽ എന്നോടുചോദിക്കാമായിരുന്നു. ഞാൻ മെഡിക്കൽകോളജിൽ ഉണ്ടായിരുന്നു.
സൂപ്രണ്ടും പ്രിൻസിപ്പലും
ഗ്രൂപ്പിൽ നിന്ന് പുറത്തായി
ഡോ.ഹാരിസിനെതിരെ വാർത്താസമ്മേളനം നടത്തിയ പ്രിൻസിപ്പൽ ഡോ.ജബ്ബാറിനെയും സൂപ്രണ്ട് ഡോ.സുനിൽകുമാറിനെയും കെ.ജി.എം.സി.ടി.എ തിരുവനന്തപുരം വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഇത്തരം ചുമതലകൾ വഹിക്കുന്നവരെ ഗ്രൂപ്പിൽ നിലനിറുത്താറില്ലെന്നാണ് ഭാരവാഹികളുടെ മറുപടി. ഗ്രൂപ്പിൽ നിന്ന് നീക്കുന്നതിന് മുമ്പ് ഇരുവരോടും ഭാരവാഹികൾ ഫോണിലൂടെ കാര്യങ്ങൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |