കാസർകോട്: ക്ഷേത്ര സ്ഥാനികർക്ക് വേതനം നൽകാൻ ബഡ്ജറ്റിൽ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കൾ സംയുക്തമായി ദേവസ്വം മന്ത്രി വി.എൻ വാസവന് നിവേദനം നൽകി.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരം കാസർകോട് ഗസ്റ്റ് ഹൗസിലെത്തിയാണ് മന്ത്രിയെ കണ്ടത്. ജില്ലയിലെ എം.എൽ.എമാർ ഈ വിഷയം നിയമസഭയിലടക്കം ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി,ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി.
മലബാറിലെ ക്ഷേത്രങ്ങളിൽ ആചാര സ്ഥാനം വഹിക്കുന്ന ക്ഷേത്ര സ്ഥാനികർക്ക് 1600 രൂപ പ്രതിമാസ വേതനമാണ് നൽകുന്നത്. കഴിഞ്ഞ മൂന്നു മാസത്തെ വേതനം മുടങ്ങി . 2017-ന് ശേഷം പുതിയ സ്ഥാനികരുടെ അപേക്ഷകൾ പരിഗണിക്കുന്നില്ല. വേതനം വർദ്ധിപ്പിച്ച്
അതാത് മാസം ലഭ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കാസർകോട് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡന്റ് എ.ടി.വിജയൻ, ഉദുമ യൂണിയൻ പ്രസിഡന്റ് കേവീസ് ബാലകൃഷ്ണൻ, സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന്, ഹോസ്ദുർഗ് യൂണിയൻ സെക്രട്ടറി പി.വി.വേണുഗോപാലൻ, വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി പി.ആർ. ശശിധരൻ, തൃക്കരിപ്പൂർ യൂണിയൻ കൺവീനർ കുഞ്ഞികൃഷ്ണൻ കപ്പണക്കാൽ എന്നിവരാണ് മന്ത്രിയെ
കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |