വാഷിംഗ്ടൺ: യു.എസിലെ പരിപാടിക്കിടെ ഇന്ത്യയെ മെഴ്‌സിഡസ് ബെൻസുമായും സ്വന്തം രാജ്യത്തെ ഡംപ് ട്രക്കിനോടും ഉപമിച്ച പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ ട്രോളുകളിൽ നിറയുന്നു. 'ഇന്ത്യ ഹൈവയിലൂടെ വരുന്ന തിളങ്ങുന്ന ഒരു മെഴ്‌സിഡസ് ആണ്. എന്നാൽ നമ്മൾ ചരൽക്കല്ലുകൾ നിറഞ്ഞ ഒരു ഡംപ് ട്രക്കാണ്. ട്രക്ക് കാറിൽ ഇടിച്ചാൽ ആർക്കായിരിക്കും നഷ്ടം? ' - ഫ്ലോറിഡയിലെ താംപയിൽ പാക് വ്യവസായി സംഘടിപ്പിച്ച വിരുന്നിനിടെ മുനീർ പറഞ്ഞു.
ഇരുരാജ്യങ്ങൾക്കുമിടെയിലെ നിലവിലെ സാഹചര്യം വിശദീകരിക്കാനുള്ള ഉപമയെന്ന തരത്തിലാണ് മുനീർ വിചിത്ര പ്രസ്താവന നടത്തിയത്. പക്ഷേ, ഇന്ത്യയാണ് മികച്ചതെന്ന് മുനീർ അറിയാതെ സമ്മതിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളുകൾ. പാകിസ്ഥാനെ മോശമാക്കിയെന്ന് പറഞ്ഞ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികളും മുനീറിനെതിരെ രംഗത്തെത്തി.
യു.എസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുടെ ഔദ്യോഗിക യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് മുനീർ യു.എസിലെത്തിയത്. ജൂണിലും മുനീർ യു.എസിലെത്തിയിരുന്നു. അന്ന് വൈറ്റ് ഹൗസിലെത്തിയ മുനീറിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിരുന്നൊരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |