ടെൽ അവീവ്: ഗാസയുടെ ഹൃദയ ഭാഗമായ ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അതിരൂക്ഷ ബോംബാക്രമണ പരമ്പരയ്ക്ക് തുടക്കമിട്ട് ഇസ്രയേൽ. ഇന്നലെ പുലർച്ചെ സെയ്തൂൻ, ഷെജയ്യ, തൂഫ തുടങ്ങിയ കിഴക്കൻ മേഖലകളിൽ ഇസ്രയേലി യുദ്ധ വിമാനങ്ങളും ടാങ്കുകളും ചേർന്ന് കൊടിയ നാശം വിതച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. 11 പേർ കൊല്ലപ്പെട്ടു.
സെയ്തൂനിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിരവധി പേർ കുടുങ്ങി. ആംബുലൻസുകൾക്ക് ഇവിടേക്ക് എത്തിച്ചേരാനാകുന്നില്ലെന്ന് പ്രാദേശിക ആരോഗ്യ പ്രവർത്തകർ പറയുന്നു. അതിനിടെ, നാല് പേർ കൂടി മരിച്ചതോടെ പട്ടിണി മൂലം ഗാസയിൽ മരിച്ചവരുടെ എണ്ണം 239 ആയി ഉയർന്നു.
ഇതിൽ 106 പേർ കുട്ടികളാണ്. 24 മണിക്കൂറിനിടെ 54 പേരാണ് ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെമ്പാടും കൊല്ലപ്പെട്ടത്. ഇതിൽ 22 പേർ സഹായ കേന്ദ്രങ്ങളിൽ ഭക്ഷണവും മറ്റും തേടിപ്പോയവരാണ്. 831 പേർക്ക് പരിക്കേറ്റു.
സഹായ വിതരണത്തിന് ഇസ്രയേൽ തടസം സൃഷ്ടിക്കുന്നതായി 100ലേറെ സംഘടനകൾ ആരോപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൺ കണക്കിന് സഹായ വസ്തുക്കൾ ജോർദ്ദാനിലെയും ഈജിപ്റ്റിലെയും വെയർഹൗസുകളിൽ തുടരുകയാണ്. അതേ സമയം, ഗാസയിലെ പോഷകാഹാരക്കുറവിന്റെയും പട്ടിണിയുടെയും കണക്കുകൾ ശരിയല്ലെന്നാണ് ഇസ്രയേലിന്റെ വാദം.
വെടിനിറുത്തൽ ചർച്ചയ്ക്ക് ശ്രമം
വെടിനിറുത്തൽ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് ഹമാസ് പ്രതിനിധികൾ മദ്ധ്യസ്ഥ രാജ്യമായ ഈജിപ്റ്റിനെ സമീപിച്ചു. ഗാസ സിറ്റിയെ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ ഒദ്യോഗികമായി നടപ്പാക്കും മുന്നേ വെടിനിറുത്തലിനുള്ള ശ്രമങ്ങൾ മദ്ധ്യസ്ഥ രാജ്യങ്ങൾ തുടങ്ങി.
ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യ ഇന്നലെ കയ്റോയിലെത്തി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 60 ദിവസത്തെ വെടിനിറുത്തലിനായി ഖത്തറിൽ നടന്നുവന്ന ചർച്ചകൾ ജൂലായ് അവസാനം പരാജയപ്പെട്ടിരുന്നു.
ഇതിനിടെ, ഇന്നലെ യെമനിലെ ഹൂതി വിമതർ ഇസ്രയേലിന് നേരെ മിസൈൽ വിക്ഷേപിച്ചെങ്കിലും, തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിക്കും മുന്നേ തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
# 24 മണിക്കൂറിനിടെ
പട്ടിണി മരണം - 4
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ - 54
# 2023 ഒക്ടോബർ മുതൽ
പട്ടിണി മരണം - 239
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ - 61,527
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |