വാഷിംഗ്‌ടൺ: പ്രണയത്തിനായി പങ്കാളിക്ക് സ്വന്തം ജീവൻ വരെ നൽകാൻ തയ്യാറാകുന്നവരുണ്ട്. ഇവിടെ ഒരു യുവാവ് കാമുകിക്ക് വാഗ്ദാനം ചെയ്തത് ചന്ദ്രനെയായിരുന്നു. 23 വർഷങ്ങൾക്ക് മുൻപ് ലോകത്തെയൊട്ടാകെ ഞെട്ടിച്ച ഒരു സംഭവമാണ് വാർത്തകളിൽ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. 2002 ജൂലായിലായിരുന്നു സംഭവം. നാസയിലെ ഇന്റേണായി പ്രവർത്തിച്ചിരുന്ന റോബർട്ട്സ് എന്ന യുവാവിന്റെ വിചിത്ര തീരുമാനമാണ് എല്ലാ സംഭവങ്ങൾക്കും തുടക്കം കുറിച്ചത്.
തന്റെ പ്രണയിനിക്കായി യുവാവ് 21 മില്യൺ ഡോളർ മൂല്യവും 17 പൗണ്ട് ഭാരവുമുളള ചന്ദ്രശിലകളാണ് അതിവിദഗ്ദമായി മോഷ്ടിച്ചത്. ഈ കവർച്ചയിൽ റോബർട്ട്സിന്റെ കാമുകിയും സഹായികളും ഉണ്ടായിരുന്നു. എഫ്ബിഐ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, റോബർട്ട്സിന് അന്ന് ഇരുപത്തിനാലായിരുന്നു പ്രായം. ഹ്യൂസ്റ്റണിലെ ജോൺസൺ ബഹിരാകാശകേന്ദ്രത്തിൽ നിന്ന് 17 പൗണ്ട് ഭാരമുളള ചന്ദ്രശിലകളും ഒരു ഉൽക്കാശിലയുമാണ് യുവാവ് മോഷ്ടിച്ചത്. ഇവ അപ്പോളോ ദൗത്യത്തിലൂടെ ശേഖരിച്ച വിലമതിക്കാനാകാത്ത സാമ്പിളുകളായിരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പരീക്ഷണശാലയിലെ സിസിടിവി ക്യാമറകൾ മാറ്റി, നിയോപ്രീൻ ബോഡിസ്യൂട്ടുകൾ ധരിച്ചായിരുന്നു മോഷണം.
യൂട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജിയോഫിസിക്സ് എന്നിവയിൽ ട്രിപ്പിൾ ബിരുദം നേടിയവനായിരുന്നു റോബർട്ട്സ്. ഇന്റേൺഷിപ്പ് ചെയ്യാനാണ് യുവാവ് നാസയിൽ എത്തിയത്. അവിടെ ടിഷ്യു കൾച്ചർ ലബോറട്ടറിയിലെ ജീവനക്കാരിയായ ടിഫാനി ഫൗളറുമായി (22) പ്രണയത്തിലാകുകയായിരുന്നു. ആഴ്ചകൾക്കുളളിൽത്തന്നെ ഇരുവരും ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചു. അതിനിടയിലാണ് ചന്ദ്രശിലകൾ കവരുന്നതിനായുളള പ്ലാനിനെക്കുറിച്ച് റോബർട്ട് കാമുകിയോട് പറഞ്ഞത്.
പ്രണയത്തിനുവേണ്ടിയാണ് താൻ മോഷണം നടത്തിയതെന്ന് റോബർട്ട്സ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ടിഫാനിക്ക് ചന്ദ്രനെ നൽകാമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കമായിരുന്നു. ഇത്തരത്തിൽ മോഷ്ടിച്ച ചന്ദ്രശിലകൾ റോബർട്ട്സ് കട്ടിലിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് ചന്ദ്രനിൽ ലൈംഗികബന്ധത്തിലേർപ്പെടുന്ന അനുഭൂതിയുണ്ടാക്കാനായിരുന്നുവെന്നാണ് റോബർട്ട്സ് പറഞ്ഞത്. സ്‌നേഹത്തിനുവേണ്ടിയാണ് ഇത് ചെയ്തത്. സ്‌നേഹിക്കപ്പെടാൻ ആഗ്രഹിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും റോബർട്ട്സ് പറഞ്ഞു. ആരും മുൻപ് ചന്ദ്രനിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന വിചിത്രമായ മറുപടിയും യുവാവ് അന്വേഷണസംഘത്തിന് നൽകി.
അതേസമയം, യുവാവിന്റെ കവർച്ചയ്ക്ക് പിന്നിൽ പണമായിരുന്നു ലക്ഷ്യമെന്നാണ് എഫ്ബിഐ കണ്ടെത്തിയത്. ശിലകൾക്ക് ഗ്രാമിന് 1000 ഡോളർ മുതൽ 5000 ഡോളർ വരെ വിലമതിപ്പുണ്ട്. ഇത്തരത്തിൽ ശിലകൾ വാങ്ങാൻ ഒരാൾ തയ്യാറായിരുന്നു. റോബർട്ട്സിൽ സംശയം തോന്നിയതോടെ അയാൾ എഫ്ബിഐയുമായി ബന്ധപ്പെടുകയായിരുന്നു. റോബർട്ട്സ് ഇതിനുമുൻപും മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. സാൾട്ട് ലേക്ക് സിറ്റിയിലെ നാച്യുറൽ മ്യൂസിയത്തിൽ നിന്ന് ദിനോസറുകളുടെ അസ്ഥികളും ഫോസിലുകളും മോഷ്ടിച്ചിട്ടുണ്ടെന്ന് റോബർട്ട് കുറ്റസമ്മതം നടത്തി. എട്ട് വർഷത്തെ തടവായിരുന്നു റോബർട്ടിനുളള ശിക്ഷ. ഇതിൽ ആറ് വർഷം പൂർത്തിയാക്കി അയാൾ 2008ൽ ജയിൽ മോചിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |