ജയ്പൂർ: നമ്മുടെ രാജ്യത്ത് തിരക്കേറിയ ട്രെയിനുകളെ കാണുന്നത് ഒട്ടും പുതുമ നിറഞ്ഞതല്ല. ജനറൽ കോച്ചുകളിലാണ് തിരക്ക് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. മിക്ക ട്രെയിനുകളിലും വേണ്ടത്ര ജനറൽ കംപാർട്ടുമെന്റുകളുടെ അഭാവം മൂലം യാത്രക്കാർ ഞെങ്ങി ഞെരുങ്ങിയാണ് പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത്. ഇതിനൊരു പരിഹാരം കാണാത്താത് ഇന്ത്യൻ റെയിൽവേയുടെ അനാസ്ഥായായി പലരും ചൂണ്ടി കാണിക്കുന്നു.
ഇപ്പോഴിതാ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് യാത്രക്കാർ തിരക്കിട്ട് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിനിൽ കയറാനായി വളരെയധികം ബുദ്ധിമുട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
'ജസ്റ്റ് ലുക്ക് അറ്റ് ദം' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിലാണ് വൈറലായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യാത്രക്കാർ വാതിലുകളിൽ തിക്കിത്തിരക്കി ട്രെയിനിൽ കയറുന്നതും മറ്റുള്ളവർ ട്രാക്കുകളിൽ അവസരം കാത്ത് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ജോധ്പൂരിൽ നിന്ന് റെവാരിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം. പശ്ചാത്തലത്തിൽ, അനൗൺസർ ട്രെയിൻ വിശദാംശങ്ങൾ പറയുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതും കേൾക്കാം. എന്നിട്ടും ഇതൊന്നും വകവയ്ക്കാതെ യാത്രക്കാർ അശ്രദ്ധമായി ട്രെയിനിൽ കയറുന്നത് തുടരുകയായിരുന്നു.
നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പൗരബോധം ഇല്ലാത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ അഭിപ്രായപ്പെട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. 'ഒരു നിമിഷം അവരുടെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. 'എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്? ആദ്യം വരുന്നവർ സീറ്റ് റിസർവേഷനുകൾ ഉള്ളത് കൊണ്ടായിരിക്കാം' ഒരാൾ കുറിച്ചു.
'ഒരു ജനറൽ കോച്ച് ആയതിനാൽ, എത്രയും വേഗം അവിടെ കയറി സീറ്റ് പിടിക്കേണ്ടത് അവർക്ക് അത്യാവശ്യമാണ്, എന്നാൽ മാത്രമേ ദീർഘദൂര യാത്രയിൽ നിൽക്കാതെ സുഖമായി യാത്ര ചെയ്യാൻ കഴിയു." മറ്റൊരാൾ കുറിച്ചു. ചിലർ മുംബയ് ലോക്കൽ ട്രെയിനുകളിലെ തിരക്കുകളെ ഉപമിച്ചു കൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ട്രെയിൻ സീറ്റുകളായാലും സിനിമാ ടിക്കറ്റുകളായാലും ക്ഷേത്ര ദർശനമായാലും ആദ്യം വരുന്നവർക്കാണ് നമ്മുടെ രാജ്യത്ത് മുൻഗണനയെന്ന് ചിലർ ന്യായീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |