തിരുവനന്തപുരം: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. 'കേര' പദ്ധതിയ്‌ക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള കത്തിന്റെ പകർപ്പ് പുറത്തുവന്ന കാരണത്തെക്കുറിച്ച് അന്വേഷണത്തിന്റെ സാഹചര്യം വ്യക്തമാക്കിയാണ് സർക്കാർ ഇക്കാര്യം പറയുന്നത്. ഒരു ധനകാര്യ സ്ഥാപനത്തിന് മുന്നിൽ സർക്കാരിന്റെ വിശ്വാസ്യത ചോരുന്നതിന് നടപടി കാരണമാകുന്നതിനാലാണ് അത്തരം വീഴ്‌ചയറിയാൻ അന്വേഷണം നടത്തുന്നത്. ഇത് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. ഇതിനെ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ചിത്രീകരിക്കുന്നത് തെറ്റാണ്.
വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിന്റെയോ നിർബന്ധത്തിന്റെയോ ഫലമായി ഉണ്ടായതല്ല.നിയമപരവും ചട്ട പ്രകാരവുമുള്ള നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത്. മാദ്ധ്യമങ്ങൾ വാർത്താറിപ്പോർട്ടിംഗിന്റെ പേരിൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിനോട് യോജിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |