തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐ.എച്ച്.ആർ.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സ് ഡെവലപ്‌മെന്റ്) യിലെ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആയി ഉയർത്തുന്നതിനുള്ള ശുപാർശ ഒടുവിൽ മന്ത്രിസഭായോഗം അംഗീകരിച്ചു. സി.പി.എം സംഘടനയിലെ ചില നേതാക്കൾക്കായി കഴിഞ്ഞ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നിർദ്ദേശം അന്നത്തെ മന്ത്രിസഭായോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഈ നിർദ്ദേശം തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചില്ല. തുടർന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിലെ ഒരു മന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളിനായി തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊണ്ടുവന്ന തീരുമാനം അന്ന് വിവാദമായിരുന്നു.വിരമിക്കുന്നവരിൽ ഏറെയും സി.പി.എം അനുകൂല സംഘടനയുടെ നേതാക്കളും പ്രവർത്തകരും ആയതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധനവകുപ്പ് അംഗീകരിച്ചശേഷം ഇന്നലെ വീണ്ടും ഈ നിർദ്ദേശം മന്ത്രിസഭയിൽ എത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ അടക്കമുള്ളവർക്ക് പെൻഷൻ പ്രായം ഉയർത്തുന്നതിന്റെ ആനുകൂല്യം ലഭിക്കും. ശമ്പളംപോലും കൃത്യമായി കൊടുക്കാനാകാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം സ്ഥാപനത്തിനു തിരിച്ചടിയാണെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |