തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പുതല കാര്യാലയങ്ങളിലും കുമിഞ്ഞുകൂടുന്ന ഫയലുകൾക്ക് ശാപമോക്ഷം നൽകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചത്. ജൂലായ് ഒന്നിന് പ്രത്യേക യജ്ഞമായി തുടങ്ങിയ അദാലത്ത് തീരാൻ 18 ദിവസം മാത്രം ശേഷിക്കെ. 50 ശതമാനം പുരോഗതി പോലും കൈവരിക്കാനായിട്ടില്ല.
മാത്രമല്ല, വകുപ്പുകളിൽ ഫയൽ നീക്കം ഇഴയുന്ന സ്ഥിതിയാണ്. കൃത്യമായ പ്ളാനിംഗെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയാണ് മുടന്തി നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന 3,04,778 ഫയലുകളിൽ ഇതുവരെ തീർപ്പായത് 96,168. ഡയറക്ടറേറ്റുകളിൽ ആകെയുണ്ടായിരുന്ന 9,05,049 ഫയലുകളിൽ ഇതുവരെ മുക്തികിട്ടിയത് 3,39,611എണ്ണത്തിന്.
വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലാണ് ഫയൽ നീക്കത്തിന് അല്പമെങ്കിലും വേഗം കൂടുതൽ. 28 ഓളം വകുപ്പുകളിൽ ആഗസ്റ്റ് 9 വരെ 50 ശതമാനത്തിന് മുകളിലും 16 വകുപ്പുകളിൽ 40നും 50 ശതമാനത്തിനുമിടയിലും തീർപ്പായി. സെക്രട്ടേറിയറ്റ് തലത്തിൽ 50 ശതമാനത്തിന് മേൽ ഫയലുകൾ തീർപ്പായത് ഒമ്പത് വകുപ്പുകളിൽ മാത്രം. സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിട്ടികളിലും 2025 മെയ് 31 വരെ കുടിശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെയാണ് ഫയൽ അദാലത്ത് നടന്നുവരുന്നത്.
സെക്രട്ടേറിയറ്റ് തലത്തിൽ പൊതുഭരണ വകുപ്പിലാണ് ഈമാസം 10 വരെ ഏറ്റവുമധികം ഫയലുകൾ തീർപ്പായത്. 57.92 ശതമാനം. പ്രവാസികാര്യ വകുപ്പ് (55.96 %), ആസൂത്രണവും സാമ്പത്തിക കാര്യവും വകുപ്പ് (54.89), വിജിലൻസ് വകുപ്പ് (53.71), നിയമവകുപ്പ്(53.54), തീരദേശ കപ്പൽഗതാഗത ഉൾനാടൻ ജലഗതാഗത വകുപ്പ് (52.88), ഗതാഗത വകുപ്പ് (52.29), ജലവിഭവ വകുപ്പ് (52.19), ധനകാര്യ വകുപ്പ് (51.40) എന്നിവരാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.
വകുപ്പുതല കാര്യാലയങ്ങളിൽ ആഗസ്റ്റ് 9 വരെ 84.18 ശതമാനം ഫയലുകളും തീർപ്പാക്കി. ന്യൂനപക്ഷ ക്ഷേമവകുപ്പാണ് മുന്നിൽ. പൊതുമരാമത്ത് (ഡിസൈൻ- 82.93), ട്രഷറീസ്(80.89), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി (78.03), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം(76.62), ഇക്കണോമിക്സ് ആൻഡ് സ്റ്രാറ്റിസ്റ്റിക്സ് (75.65) എന്നിവരും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
തീർപ്പാക്കൽ പുരോഗതി
ഫയൽ തീർപ്പാക്കലിന്റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കൽ ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന പുരോഗതി വിലയിരുത്തൽ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമർപ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയൽ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകൾ നേരിട്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നുണ്ട്. പക്ഷെ പ്രതീക്ഷിച്ച വേഗത എല്ലായിടത്തും ഇനിയും ഉണ്ടായിട്ടില്ല.
കണക്കുകൾ ഒറ്റനോട്ടത്തിൽ
സെക്രട്ടേറിയറ്റ്
3,04,778
ആകെ ഫയലുകൾ
96,168
തീർപ്പായത്
2,08,610
ശേഷിക്കുന്നത്
ഡയറക്ടറേറ്റുകൾ
9,05,049
ആകെ ഫയലുകൾ
3,39,611
തീർപ്പായത്
5,65,438
ശേഷിക്കുന്നത്
തീർപ്പാക്കൽ മൂന്ന്
തലത്തിൽ
സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിലാണ് തീർപ്പാക്കൽ ജോലികൾ . വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്.
ഫയലുകൾ അപൂർണം: ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന ഫയലുകൾ പലപ്പോഴും അപൂർണമായതിനാൽ കരട് മന്ത്രിസഭാ കുറിപ്പുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിക്കാൻ വൈകുന്നുവെന്ന് ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്. ഒരു ഫയൽ മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചാൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി മൂന്ന് ദിവസത്തിനകം കരട് കുറിപ്പ് കൈമാറണമെന്ന സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ പാലിക്കപ്പെടണമെന്നാവശ്യപ്പെട്ട് വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറി സർക്കുലർ നൽകിയത് രണ്ട് ദിവസം മുമ്പ്.
കോടതി ഉത്തരവ് ബാധകമായ വിഷയങ്ങൾ, വിവിധ വകുപ്പുകളുടെ അംഗീകാരത്തോടെ നടപ്പാക്കേണ്ട നയപരിപാടികൾ, നിയമനങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് സർക്കുലറിൽ പറയുന്നു. ധനം , നിയമം തുടങ്ങിയ ഉപദേശക വകുപ്പുകളിൽ നിന്നുള്ള ഉപദേശങ്ങൾ ഫയലുകളിൽ നിർബ്ബന്ധമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
വേണം അക്കൗഡബിലിറ്റി ഓഡിറ്റ്: കെ.ജയകുമാർ
തിരുവനന്തപുരം: ഓരോ ഫയലും തീർപ്പാക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ച് ആരും അന്വേഷിക്കാറില്ല. സത്യത്തിൽ ആദ്യം അന്വേഷിക്കേണ്ടത് അതാണ്. ഫയൽ വൈകാനുള്ള കാരണം കണ്ടത്തണം. ഫയലുകൾ തീർപ്പാക്കേണ്ട സമയം സംബന്ധിച്ച് സെക്രട്ടേറിയറ്റ് മാനുവലിൽ കൃത്യമായ ചട്ടമുണ്ട്. അതിൽ കൂടുതൽ സമയമെടുത്താൽ, എന്തുകൊണ്ടാണ് വൈകുന്നതെന്ന് അന്വേഷിക്കാൻ സംവിധാനം വരണം. ഒരു അക്കൗഡബിലിറ്റി ഓഡിറ്റിലൂടെ ഇത് കണ്ടെത്താനാകും. ഫയലുകൾ വൈകിയാൽ കാരണമെന്താണെന്നും എന്ത് നടപടിയെടുത്തുവെന്നും ഇതിലൂടെ അറിയാനാകും.
ഒരാഴ്ചകൊണ്ട് തീർപ്പാക്കേണ്ട ഫയൽ ഒരു വർഷമെടുത്ത് തീർപ്പാക്കിയാലും യാതൊരു പ്രശ്നവുമില്ലെന്ന സ്ഥിതിയാണ് നിലവിൽ. ഇത് മാറണം. കൃത്യമായ ശിക്ഷണസംവിധാനമുണ്ടെങ്കിൽ ഇത് നടക്കില്ല. ഫയലുകളുടെ തീർപ്പാക്കൽ വൈകുന്നതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അക്കൗഡബിലിറ്റി ഓഡിറ്റിംഗ് സഹായിക്കും. എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ഇത് നടത്തിയാൽ ഫയലുകൾക്ക് വേഗതവയ്ക്കും.
പ്രശ്നപരിഹാരം താഴേതട്ടുമുതൽ
വേണം: ബാബു ജേക്കബ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി തലത്തിൽ നടക്കുന്ന യോഗങ്ങളിൽ കൃത്യമായ വിലയിരുത്തൽ നടക്കണം. ഉദ്യോഗസ്ഥർക്ക് കൃത്യമായ അവബോധം നൽകണം. ഉദ്യോഗസ്ഥ തലത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണം. അവരിലൂടെ മാത്രമേ ഫയൽ നീക്കം വേഗത്തിലാക്കാൻ സാധിക്കൂ. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ലോക്കൽ ഗവൺമെന്റ് സംവിധാനങ്ങളിലാണ്. പഞ്ചായത്തുതലം മുതൽ ഫയൽ നീക്കം ആരംഭിക്കണം. ലോക്കൽ ഗവൺമെന്റുകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകണം. ഇത് താഴേതട്ടിൽ തന്നെ പ്രശ്നപരിഹാരം നടത്താൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ അദാലത്തുകളും യോഗങ്ങളും നടത്തി ഫയലുകൾ തീർപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |