കൊച്ചി: വയനാട് ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങുന്നതിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ കമന്റ് ഇട്ടതിന് എടുത്ത കേസിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ക്രിമിനൽ കേസ് ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശി വി.എസ്. ഗൗരി ശങ്കരി, കാസർകോട് സ്വദേശി യു. പ്രശാന്ത് എന്നിവർക്കെതിരെ കലാപാഹ്വാനത്തിനും ദുരന്ത നിവാരണ നിയമലംഘനത്തിനും എടുത്ത കേസിലെ അന്തിമ റിപ്പോർട്ടും കോടതിയിലെ തുടർനടപടികളുമാണ് ജസ്റ്റിസ് വി. ജി. അരുൺ റദ്ദാക്കിയത്. സംഭാവന നൽകുന്നതു ജാഗ്രതയോടെ വേണമെന്ന കമന്റ് കലാപാഹ്വാനമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ചർച്ചയുടെ ഭാഗമായി ഭരണകക്ഷിക്കെതിരെ അഭിപ്രായം പറയുന്നത് കലാപാഹ്വാനമാണെന്നു പറയുന്നത് അസംബന്ധമാണെന്നു കോടതി പറഞ്ഞു. ജനാധിപത്യത്തിൽ ന്യായമായ വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |