ന്യൂഡൽഹി: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് സെർച്ച് കമ്മിറ്റിയെ നിർദ്ദേശിക്കാനുളള സമയപരിധി സുപ്രീംകോടതി നീട്ടി. തിങ്കളാഴ്ച വരെയാണ് സമയം നൽകിയിരിക്കുന്നത്. വിദഗ്ദരുടെ പട്ടിക തയ്യാറെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരിക്കുകയാണ്. പത്തുപേരടങ്ങിയ പട്ടികയാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
ഐഐടിയിലെ വിദഗ്ദരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരോട് സംസാരിക്കാൻ സമയം ആവശ്യമാണെന്നാണ് ഗവർണർ കോടതിയെ അറിയിച്ചിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനല്‍ ഗവര്‍ണറോടും സര്‍ക്കാരിനോടും നിർദ്ദേശിക്കാനാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. വിസി നിയമനത്തിൽ ഇന്നലെയാണ് സുപ്രീംകോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് കേരളം കോടതിയെ അറിയിച്ചത്. സഹകരണത്തിനുവേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |