കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് വനിതാ അദ്ധ്യക്ഷ വരണമെന്ന് നടി ഹണി റോസ്. സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയിലെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഹണി റോസിന്റെ പ്രതികരണം.
'ഒരു മാറ്റം ഉണ്ടാകണം. അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആസ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നത്'- നടി വ്യക്തമാക്കി.
അമ്മയിൽ നാളെയാണ് തിരഞ്ഞെടുപ്പ്. രണ്ടു പാനലുകളിൽ മത്സരിക്കുന്ന പതിവിന് പകരം വ്യക്തിപരമായാണ് അമ്മയിൽ മത്സരം. 74 പേർ പത്രിക നൽകിയതിൽ 23 പേരാണ് രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനാർത്ഥി ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ കേസ് വന്നതാണ് വലിയ വിവാദമായിരുന്നു. ശ്വേതയ്‌ക്കെതിരായ കേസിനെ താരങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്നുണ്ട്. അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന് മാർട്ടിൻ മേനാച്ചേരി നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടുണ്ട്. അമ്മയിൽ ആദ്യമായി വനിതാ പ്രസിഡന്റാകാൻ സാദ്ധ്യതയുള്ള ശ്വേതയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണ് കേസെന്നും, അമ്മയിലെ അംഗങ്ങൾ തന്നെയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു.
നടിമാർ പങ്കെടുത്ത യോഗത്തിന്റെ വീഡിയോയെച്ചൊല്ലിയാണ് കുക്കു പരമേശ്വരനെതിരെ അമ്മയ്‌ക്കുള്ളിൽ ഒരു വിഭാഗം പ്രതിഷേധിച്ചത്. ഉഷ ഹസീന കേസും നൽകി. ഇതിൽ പക്ഷംചേർന്ന് താരങ്ങൾ പ്രതികരിച്ചു. പീഡന ആരോപണം നേരിടുന്ന ബാബുരാജ് ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നതിനെച്ചൊല്ലിയും വാക്പോരുണ്ടായി. തുടർന്ന് അദ്ദേഹം പത്രിക പിൻവലിച്ചു. പ്രതികരണങ്ങൾ ഒഴിവാക്കി വ്യക്തിപരമായി വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലും വനിതകൾ ജയിച്ചാൽ ചരിത്രമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |