കുറച്ചുദിവസം മുമ്പ് നടിയും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. വിമാനത്തിൽ നിന്നുള്ളതായിരുന്നു ചിത്രം. പോസ്റ്റിന് താഴെ ചിലർ രാഷ്‌ട്രീയം പറഞ്ഞുകൊണ്ട് വിമർശിക്കുകയും ചെയ്തു. ബിജെപി നേതാവിന്റെ മകൾ കമ്മ്യൂണിസ്റ്റുകാരനൊപ്പം ഫോട്ടോയെടുത്തെന്ന രീതിയിലായിരുന്നു ചർച്ച. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ ഇപ്പോൾ.
'എനിക്കത് വളരെ ഇഷ്ടമായി. അമ്മു ആ ഫോട്ടോയെടുത്ത് കഴിഞ്ഞിട്ട് എനിക്കും അയച്ചുതന്നിരുന്നു. പോസ്റ്റ് ചെയ്യുമ്പോൾ എന്ത് എഴുതണമെന്ന് ചോദിച്ചു. നിന്റെ മനസിൽ എന്ത് തോന്നുന്നോ അത് എഴുതെന്ന് പറഞ്ഞു. അദ്ദേഹമൊരു മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രിമാരുടെ കൂടെയൊക്കെ യാത്ര ചെയ്യുന്നത് ലക്കിയല്ലേ.
ഞാൻ ചെന്ന് മുഖ്യമന്ത്രിയെ പരിചയപ്പെട്ടെന്ന് അഹാന പറഞ്ഞു. അച്ഛൻ ഇന്നയാളാണെന്നൊക്കെ പറഞ്ഞു. അപ്പോൾ ഓ കൃഷ്ണകുമാറിന്റെ മകളാണോ, എവിടെ പോകുകയാണെന്നൊക്കെ അദ്ദേഹം ചോദിച്ചു. ഷൂട്ടിംഗിന് പോകുകയാണെന്ന് അമ്മു പറഞ്ഞു. ഫോട്ടോയെടുത്തോട്ടേയെന്ന് അമ്മു ചോദിച്ചപ്പോൾ എടുത്തോളൂവെന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു. ഇറങ്ങുമ്പോൾ അമ്മുവിനോട് പോകുന്നെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. മുഖ്യമന്ത്രിയുടെ ഭാര്യയും തിരിഞ്ഞുനോക്കി ടാറ്റ കൊടുത്തിട്ട് പോയി.
പല തരത്തിലുള്ള കമന്റുകൾ വരും. അത് വ്യക്തിയും സ്ഥാനവും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസിലാകാത്തതുകൊണ്ടാണ്. നമ്മൾ ആ സ്ഥാനത്തെപ്പറ്റി മോശമായി സംസാരിക്കാൻ പാടില്ല. ചിലപ്പോൾ രാഷ്ട്രീയത്തിൽ പിണറായി വിജയനെതിരെ അല്ലെങ്കിൽ നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാം. പക്ഷേ അവരുടെ സ്ഥാനത്തെപ്പറ്റി മോശമായി സംസാരിക്കരുത്. രാഷ്ട്രീയപരമായിട്ടാണെങ്കിലും വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന രീതിയിൽ പറയാറില്ല.
എനിക്ക് വളരെ സന്തോഷം തോന്നി. ഞാൻ ബി ജെ പിയിൽ വിശ്വസിക്കുന്നു. എന്റെ മക്കൾക്ക് ഏത് പാർട്ടിയിൽ വേണമെങ്കിലും വിശ്വസിക്കാം. രണ്ടാമത്തെ കാര്യം, അവർ കലാരംഗത്ത് നിൽക്കുന്നവരാണ്. വലിയ സ്ഥാനമാനങ്ങളൊന്നും വഹിച്ചിട്ടില്ലെങ്കിലും മുപ്പത്തിയാറ് വർഷമായി ഞാൻ കലാരംഗത്തുണ്ട്. എവിടെച്ചെന്നാലും ഞാൻ നേതാക്കളോട് അങ്ങോട്ട് പോയിട്ട് അല്ലെങ്കിൽ അവർ ഇങ്ങോട്ട് വന്ന് സംസാരിക്കും. രാഷ്ട്രീയമൊന്നും നോക്കാറില്ല. ഏത് പാർട്ടിയിൽ വിശ്വസിച്ചാലും ഏത് പാർട്ടിയിലെ നേതാക്കളെ കണ്ടാലും നിങ്ങൾ സംസാരിക്കണം.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |