ആചാരങ്ങൾ പാലിക്കുന്നതിൽ മലയാളികൾ ഒട്ടും പിന്നിലല്ല. എല്ലാം അതിന്റേതായ ചിട്ടവട്ടങ്ങൾ അനുസരിച്ച് പാലിക്കണമെന്നും നിർബന്ധമുണ്ട്. ഇങ്ങനെയാണെങ്കിലും പണ്ടുകാലത്ത് ഉണ്ടായിരുന്ന ആചാരങ്ങളിൽ പലതും ഇപ്പോൾ ഇല്ല എന്നതാണ് സത്യം. ഇതിൽ പലതിനെക്കുറിച്ചും ഇന്നത്തെ തലമുറ കേട്ടിട്ടുകൂടിയുണ്ടായില്ല. അത്തരത്തിലൊന്നാണ് ഉച്ചാരൽ അഥവാ ഉച്ചാര ചടങ്ങ്.
കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ആചാരമാണിത്. മകരകൊയ്ത്ത് കഴിഞ്ഞാണ് ഇത് ആചരിക്കുന്നത്. കുംഭം, മീനം മാസങ്ങളിൽ പൊതുവെ കടുത്ത ചൂടാണല്ലോ അനുഭവപ്പെടുന്നത്. പുറത്തിറങ്ങാൻ പോലും ആവാത്ത ആ സമയത്ത് കൃഷിപ്പണിയും സാദ്ധ്യമാവില്ല. വിത്തെറിഞ്ഞാൽ അത് കരിഞ്ഞുപറന്നുപോകും. ഇങ്ങനെയുളള സമയത്ത് നാലുദിവസമാണ് ഉച്ചാരൽ ചടങ്ങ് നടത്തുക. ഭൂമീദേവി ഋതുമതിയാവുന്ന കാലം എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഋതുമതിയാവുന്ന സമയത്ത് സ്ത്രീ ശരീരത്തിന് പൂർണ വിശ്രമമാണല്ലോ വിധിച്ചിരിക്കുന്നത്. അതുപോലെ ഉച്ചാരൽ സമയത്ത് ഭൂമിക്കും പൂർണവിശ്രമമാണ്. ഈ ദിവസങ്ങളിൽ വിത്തെടുക്കാനോ, നെല്ലുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളോ, പണിയായുധങ്ങളോ മറ്റുള്ളവർക്ക് കൈമാറാനോ പാടില്ല എന്നുമാത്രമല്ല അവയിൽ തൊടാൻപോലും പാടില്ല. ഈ ദിവസങ്ങളിൽ പത്തായം തുറക്കാതിരിക്കാൻ വള്ളികൾകൊണ്ട് കെട്ടിവയ്ക്കും.
പാട്ടകൃഷിചെയ്യുന്നവർ വസ്തുപാട്ടംനൽകിയ ആൾക്ക് കൊടുത്തുതീർക്കാനുള്ള എല്ലാ കണക്കുകളും ആ ദിവസങ്ങളിൽ തീർപ്പാക്കാണം. ഒന്നും ശേഷിപ്പിക്കരുത്.
വർഷങ്ങളോളം ഈ ആചാരം പാലിച്ചിരുന്നു എങ്കിലും കൃഷിചെയ്യുന്നവരുടെയും കൃഷിഭൂമിയുടെയും എണ്ണം കുറഞ്ഞുവന്നതോടെ ഉച്ചാരൽ ചടങ്ങ് പതിയെ അസ്തമിച്ചുതുടങ്ങി. ഇപ്പോൾ തീരെ ഇല്ലാത്ത അവസ്ഥയിലേക്കെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |