വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു സമാധാന കരാറിലും യുക്രെയിന് ആവശ്യമായ സുരക്ഷാ ഗ്യാരന്റികൾ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ പുലർച്ചെ വൈറ്റ് ഹൗസിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലാണിത്.
എന്നാൽ,സുരക്ഷാ ഗ്യാരന്റികൾ എപ്രകാരം നടപ്പാക്കുമെന്ന് വ്യക്തമല്ല. സുരക്ഷാ ഗ്യാരന്റിയുടെ ഭാഗമായി യു.എസ് സൈന്യത്തെ യുക്രെയിനിലേക്ക് അയയ്ക്കില്ലെന്നും,യുക്രെയിന് സുരക്ഷ നൽകുന്നതിന് യൂറോപ്യൻ രാജ്യങ്ങൾക്കാണ് പ്രഥമ ചുമതലയെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം,യുക്രെയിനിൽ നാറ്റോ രാജ്യങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ അനുവദിക്കില്ലെന്ന് റഷ്യയും വ്യക്തമാക്കി. യു.എസും യുക്രെയിനും തമ്മിലെ 9000 കോടി ഡോളറിന്റെ ആയുധ കരാർ സുരക്ഷാ ഗ്യാരന്റിയിൽ ഉൾപ്പെടുമെന്ന് സെലെൻസ്കി അറിയിച്ചു. യുക്രെയിന്റെ ഡ്രോണുകൾ യു.എസ് വാങ്ങുമെന്നും പത്ത് ദിവസത്തിനുള്ളിൽ അന്തിമ ചട്ടക്കൂട് തയ്യാറാക്കുമെന്നും സെലെൻസ്കി പറഞ്ഞു. സംയുക്ത വ്യോമ, നാവിക പട്രോളിംഗ്, ഇന്റലിജൻസ് പങ്കിടൽ, ലോജിസ്റ്റിക്സ് പിന്തുണ തുടങ്ങിയവ ഗ്യാരന്റികളിൽ ഉൾപ്പെട്ടേക്കും.
പുട്ടിൻ-സെലെൻസ്കി ചർച്ച ?
സെലെൻസ്കിയെ കണ്ട ശേഷം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോൺ സംഭാഷണം നടത്തി. പുട്ടിനും സെലെൻസ്കിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്നും പിന്നാലെ താൻ കൂടി ഉൾപ്പെടുന്ന ത്രികക്ഷി കൂടിക്കാഴ്ച ചേരാമെന്നും ട്രംപ് പുട്ടിനെ അറിയിച്ചു. ചർച്ച മോസ്കോയിൽ നടത്താമെന്ന് പുട്ടിൻ ട്രംപിനെ അറിയിച്ചെന്നും,സെലെൻസ്കി ഇതിനെ എതിർത്തെന്നുമാണ് വിവരം. പുട്ടിൻ- സെലെൻസ്കി ചർച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ഹംഗറിയിലോ മറ്റോ നടത്താനാണ് യു.എസ് ശ്രമം.
# പ്രഖ്യാപനങ്ങൾ ഇല്ല
1.യുദ്ധത്തിന്റെ അവസാനം ഇനിയും അകലെ. സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യമായ പ്രഖ്യാപനങ്ങൾ വൈറ്റ് ഹൗസ് ചർച്ചയിൽ ഉണ്ടായില്ല
2. യുദ്ധം അവസാനിപ്പിക്കാൻ വെടിനിറുത്തലല്ല, സമാധാന കരാറാണ് വേണ്ടതെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കണമെന്ന് ട്രംപ് സെലെൻസ്കിയെ അറിയിച്ചു. യൂറോപ്യൻ നേതാക്കൾ എതിർത്തു. റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി ആദ്യം വെടിനിറുത്തൽ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം
3. പുട്ടിൻ അനുകൂലമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്. ഒരുപക്ഷേ, പുട്ടിന് കരാറിനോട് താത്പര്യമില്ലായിരിക്കാമെന്നും രണ്ട് ആഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാകുമെന്നും ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞു
# ആക്രമണം തുടരുന്നു
ചർച്ചകൾക്കിടെയിലും യുക്രെയിനിൽ ആക്രമണത്തിന് ശമനമില്ല
ഇന്നലെ പുലർച്ചെ യുക്രെയിലേക്ക് റഷ്യ വിക്ഷേപിച്ചത് 270 ഡ്രോണുകളും 10 മിസൈലുകളും
പോൾട്ടോവയിലെ ഊർജ്ജ കേന്ദ്രങ്ങളിൽ തീപിടിത്തം
റഷ്യയിലെ വോൾഗൊഗ്രാഡ് മേഖലയിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണം. എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |