തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെന്ററിന് (ആർ.സി.സി) തുടക്കമിട്ട ഡോ. എം. കൃഷ്ണൻനായരുടെ പിൻഗാമിയായി അനന്തരവൻ ഡോ.രജനീഷ് കുമാർ. ആർ. ആർ.സി.സിയുടെ അഞ്ചാമത് ഡയറക്ടറായാണ് ഡോ. രജനീഷ് കുമാർ ഇന്നലെ ചുമതലയേറ്റത്. കൃഷ്ണൻനായരുടെ സഹോദരി മീനാക്ഷിയുടെ മകനാണ്. 2001മുതൽ ആർ.സി.സിയിൽ റേഡിയേഷൻ ഒങ്കോളജിസ്റ്റായ രജനീഷ്, കൃഷ്ണൻനായർ മേധാവിയായിരിക്കെ അദ്ദേഹത്തിനൊപ്പവും ജോലി ചെയ്തിട്ടുണ്ട്. 25വർഷത്തെ സർവീസ് പിന്നിടുമ്പോഴാണ് ആർ.സി.സിയുടെ അമരത്തേക്ക് എത്തുന്നത്. നിലവിൽ ആർ.സി.സിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡിഷണൽ പ്രൊഫസറാണ്.
മാംഗളൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും, മണിപ്പാൽ കെ.എം.സിയിൽ നിന്ന് എം.ഡിയും നേടി. ഇന്നലെ ഉച്ചയോടെയാണ് ഡോ.രജനീഷിനെ നിയമിച്ച് സർക്കാർ ഉത്തരവായത്. പിന്നാലെ ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം. നിലവിലെ ഡോ. രേഖ എ. നായരുടെ കാലാവധി പൂർത്തിയായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലും ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. രവി കുമാറാണ് പിതാവ്. ഭാര്യ വൃന്ദ പി. നായർ. ഏകമകൾ നന്ദിനി കോട്ടയം മെഡിക്കൽ കേളേജിൽ പി.ജി വിദ്യാർത്ഥിയാണ്.
ന്യൂതന ചികിത്സയ്ക്ക് മുൻ തൂക്കം
അമ്മാവൻ ഇരുന്ന കസേരയിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഡോ. രജനീഷ്. അമ്മാവന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തനിക്ക് കരുത്താകുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ഡോ. കൃഷ്ണൻനായരുടെ ദീർഘവീക്ഷണവും പ്രവർത്തനരീതിയും അടുത്തുനിന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അതെല്ലാം പ്രായോഗികമാക്കാൻ ശ്രമിക്കും. ആർ.സി.സിയിൽ ഇനിയും ന്യൂതനമായ ചികിത്സാസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിന് കൂടുതൽ പ്രധാന്യം നൽകും. പീഡിയാട്രിക്, മെഡിക്കൽ ഓങ്കോളജി വിഭാഗങ്ങളിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്വകാര്യമേഖകളിലുള്ള എല്ലാ ചികിത്സയും ആർ.സി.സിയിലൂടെ സാധാരണക്കാർക്ക് ലഭിക്കണമെന്നും ഡോ.രജനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |