കൊൽക്കത്ത: നഴ്‌സിംഗ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിലാണ് സംഭവം. നഴ്‌സിംഗ് ഹോമിന്റെ നാലാം നിലയിലെ മുറിയിലാണ് 24കാരിയായ യുവതിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്‌സിംഗ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെ തുടർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.
യുവതിയുടെ പിതാവ് നഴ്‌സിംഗ് ഹോമിനെതിരെ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാൻ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ പകർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കുടുംബത്തിന്റെ ആരോപണം നഴ്‌സിംഗ് ഹോം മാനേജ്‌മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്‌തുവെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. സംഭവം പുറത്തുവന്നതിന് പിന്നാലെ നഴ്‌സിംഗ് ഹോം പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്‌തു. ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്‌തതോടെ ഗതാഗത തടസം ഉണ്ടായി. യുവതിയുടെ പോസ്റ്റ്‌മോർട്ടം നടക്കുന്ന ആശുപത്രിയിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി.
വിവാഹവുമായി ബന്ധപ്പെട്ട് കാമുകനുമായി യുവതി വഴക്കിട്ടിരുന്നുവെന്ന് വാട്‌സാപ്പ് പരിശോധനയിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിവാഹം കഴിക്കില്ലെന്ന് താൻ പറഞ്ഞതിനെത്തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്ന് കാമുകനും പറഞ്ഞു. യുവതിയേക്കാൾ പ്രായം കുറവായതാണ് വിവാഹം കഴിക്കില്ല എന്ന് പറഞ്ഞതിന്റെ പ്രധാന കാരണമെന്നും ഇയാൾ പറഞ്ഞു. യുവാവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |