തിരുവനന്തപുരം: 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് നടി രഞ്ജിനി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നതുകൊണ്ടാണ് ഇത്തരം വ്യാജ കേസുകൾ കൊടുക്കുന്നതെന്നാണ് രഞ്ജിനി പറഞ്ഞത്. ഒരു ചാനലിനോട് വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു നടി.
'ഇത്തരം അനുഭവങ്ങൾ തുടക്കം മുതൽ ഉണ്ട്. കേസ് എടുത്തത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എങ്ങനെയാണ് ഒരു കോടതി കേസെടുക്കാൻ ആവശ്യപ്പെടുന്നത്. ഒരു അടിസ്ഥാനമില്ലാത്ത കേസാണിത്. അമ്മയുടെ നിയമപ്രകാരം കേസ് ഉണ്ടെങ്കിൽ മത്സരിക്കാൻ കഴിയില്ല. അത് അറിഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഒരു പവർ ഗ്രൂപ്പ് ചെയ്യുന്നതാണ്. ഹേമ കമ്മിറ്റിയിൽ ഒരു പവർ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നില്ലെ? അവരാണ് ഇത് ചെയ്യുന്നത്. സിനിമ രംഗത്ത് ഇത്തരം കാര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സാന്ദ്ര തോമസിനും ഇതുപോലെ നടന്നില്ലെ? ട്രൈബ്യൂണൽ വന്നാലേ ഇത് ശരിയാകും'- രഞ്ജിനി വ്യക്തമാക്കി.
അതേസമയം, അശ്ലീല ചിത്രങ്ങളിലൂടെ പണം സമ്പാദിച്ചെന്ന കേസിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് നടി ശ്വേതാ മേനോൻ പ്രതികരിച്ചിരുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും താരം പ്രതികരിച്ചു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ വന്ന കേസിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ശ്വേതയുടെ പ്രതികരണം. ഇന്നലെയാണ് നടിക്കെതിരെയുളള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
എറണാകുളം സെൻട്രൽ പൊലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിൽ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സമൂഹമാദ്ധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി എന്നിങ്ങനെ നീളുന്നതാണ് ആരോപണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |