ശംഖുംമുഖം: വയർലെസ് സെറ്റുമായി ഒരാൾ മുങ്ങി! പൊലീസാകെ നെട്ടോട്ടത്തിൽ. കേൾക്കുമ്പോൾ 'ആക്ഷൻ ഹീറോ ബിജു"വിലെ സീനുകളുമായി ബന്ധം തോന്നാം. പക്ഷെ, സംഗതി അത്രത്തോളം വഷളായില്ല. പിടിവീഴുമെന്നായപ്പോൾ
കള്ളൻ വയർലെസ് സെറ്റ് ഉപേക്ഷിച്ച് നൈസായി രക്ഷപ്പെട്ടു.
വയർലെൻസ് സെറ്റ് മോഷ്ടിച്ച വിരുതനെ കണ്ടത്താൻ തീവ്രശ്രമം നടത്തിയിട്ടും പൊലീസിന് കണ്ടെത്താനായിട്ടില്ല.
വള്ളക്കടവ് ഈഞ്ചയ്ക്കൽ പോയിന്റിൽ ഡ്യൂട്ടി നോക്കിയിരുന്ന ട്രാഫിക്ക് പൊലീസുകാരന്റെ പക്കൽ നിന്നുമാണ് വെള്ളിയാഴ്ച വൈകിട്ട് വയർലെസ് സെറ്റ് മോഷണം പോയത്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാൾ സെറ്റ് തന്റെ ബാഗിൽ വച്ച് ബൈക്കിന് പിന്നിൽ തൂക്കിയിട്ടിരുന്നു.ബാഗോടെയാണ് മോഷണം പോയത്.
ബാഗ് മോഷണം പോയ വിവരം ഇയാൾ ഉടൻ മേലുദ്യോഗസ്ഥരെ അറിയിച്ചു.തുടർന്ന് വഞ്ചിയൂർ പൊലീസിൽ പരാതി നൽകി.വഞ്ചിയൂർ പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും ബാഗ് കണ്ടത്താൻ കഴിഞ്ഞില്ല.സി.സിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടത്താനായില്ല.
ശനിയാഴ്ച രാവിലെ ബൈപാസിൽ ഓവർബ്രിഡ്ജിന്റെ പണി നടക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ക്രെയിനുള്ളിലാണ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ക്രെയിൻ ഓപ്പറേറ്ററാണ് ബാഗ് കണ്ടത്.തുറന്ന് നോക്കിയപ്പോൾ പൊലീസ് ഉപയോഗിക്കുന്ന വയർലെൻസ് സെറ്റ് കണ്ടു.തുടർന്ന് ജീവനക്കാരൻ കരാറുകാരെ വിവരമറിയിക്കുകയായിരുന്നു.ഇവർ ഉടൻ പൊലീസിനെ കാര്യമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിരലടയാള വിദ്ഗദ്ധരെ എത്തിച്ച് പരിശേധനകൾ നടത്തി തെളിവുകൾ സ്ഥിരീകരിച്ച ശേഷം സെറ്റ് സ്റ്റേഷനിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |