തൃശൂർ: സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നുണകൾ പ്രചരിപ്പിച്ച് സാഹിത്യ സൃഷ്ടി നടത്തുകയും അതിനെ സ്ഥാപിക്കുകയും ചെയ്യാനുള്ള ശ്രമം നടക്കുമ്പോൾ, ലോകത്തിന് മുന്നിൽ കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള മതനിരപേക്ഷ ബദലാണ് സാഹിത്യോത്സവമെന്ന് മന്ത്രി പറഞ്ഞു.
നാടിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങളെ തകർക്കാൻ അസത്യവും വികലവുമായ സിനിമകൾ പടച്ചുവിടുന്ന പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിന് എം.ടി ഓഡിറ്റോറിയം എന്ന പേരിടൽ മന്ത്രി നിർവഹിച്ചു.
അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് സാഹിത്യോത്സവമെന്ന് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്ത മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. കളക്ടർ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിൻ വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്തിന് നൽകി പ്രകാശനം ചെയ്തു.
പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഫെസ്റ്റിവൽ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി, വിജയരാജമല്ലിക, നേപ്പാൾ സാഹിത്യകാരന്മാരായ ഭുവൻ തപാലിയ, അമർ ആകാശ് തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി സി.പി.അബൂബക്കർ സ്വാഗതവും നിർവാഹകസമിതി അംഗം വി.എസ്.ബിന്ദു നന്ദിയും പറഞ്ഞു. സാഹിത്യകാരൻ വൈശാഖൻ പതാക ഉയർത്തി. 21 വരെ നടക്കുന്ന സാഹിത്യോത്സവത്തിൽ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, കുട്ടികളുടെ സാഹിത്യോത്സവം, കലാപരിപാടികൾ, നാടകം തുടങ്ങി മൂന്നു വേദികളിലായി എഴുപതോളം സെഷനുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |