മസ്‌കറ്റ്: വരും ദിവസങ്ങളിൽ ഒമാനിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ദോഫാർ, ശർഖിയ, അൽ വുസ്‌ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മിന്നലോടുകൂടിയ മഴയ്‌ക്കും കാറ്റിനും സാദ്ധ്യയെന്നാണ് പ്രവചനം. കടൽ പ്രക്ഷുബ്‌ദ്ധമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഈ മാസം 21 വരെയാണ് മഴയ്‌ക്ക് സാദ്ധ്യത. അൽ വുസ്‌ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെയാണ് മഴ സാരമായി ബാധിക്കുക. വ്യത്യസ്‌ത തീവ്രതയിലുള്ള മഴയാകും പെയ്യുക. താഴ്‌വരകളിൽ വെള്ളം കയറാനും സാദ്ധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ തീരങ്ങളിലും കടൽ പ്രക്ഷുബ്‌ദ്ധമാകും.
തിരമാലയുടെ ഉയരം നാല് മീറ്റർ വരെ എത്തുമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാരും വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ നിരന്തരം പരിശോധിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നത് നിർബന്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |