ന്യൂഡൽഹി: വോട്ട് ക്രമക്കേടിനെ കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, ഏഴു ദിവസത്തിനകം തെളിവുകൾ ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തോട് മാപ്പു പറയണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാഹുലിനോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണക്കാക്കുമെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടു കൊള്ളയെന്ന രാഹുലിന്റെ ആരോപണങ്ങൾ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ട്. വോട്ട് കൊളള എന്ന കളളക്കഥ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു. ചിലർ വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമായാണ് നടക്കുന്നത്. ബീഹാറിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പ്രവർത്തനങ്ങൾക്കായി സെപ്തംബർ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂടി സഹകരിക്കേണ്ടതുണ്ട്. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |