തെരുവ് നായ ശല്യവും പാമ്പ് കടിയേറ്റുള്ള മരണങ്ങളുമൊക്കെ ചർച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. രാജ്യത്ത് മിക്കയിടത്തും പാമ്പിന്റെയും നായയുടെയും ശല്യം രൂക്ഷമാണ്. എന്നാൽ പാമ്പും നായയും ഇല്ലാത്ത ഒരു സ്ഥലം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. അങ്ങനെയൊരു സ്ഥലം ഇന്ത്യയിലുണ്ട്.
ഏതാണ് ആ സ്ഥലമെന്നല്ലേ ചിന്തിക്കുന്നത്. അതിമനോഹരമായ പവിഴപ്പുറ്റുകളും, വൃത്തിയുള്ള ബീച്ചുകളുമുള്ള ലക്ഷദ്വീപാണ് ആ സ്ഥലം. മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ളയിടം. അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.
എന്നാൽ അവിടെ ചെന്നാൽ നിങ്ങൾക്ക് പാമ്പിനെയോ നായയെയോ കാണാനാകില്ല. ലോകത്തിലെ ഏറ്റവും വിശ്വസ്തരായി കണക്കാക്കുന്ന വളർത്തുമൃഗമാണ് നായ. എന്നാൽ വളർത്തുമൃഗങ്ങൾക്ക് ലക്ഷദ്വീപിൽ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. തെരുവ് നായ്‌ക്കളും ഇവിടെയില്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലക്ഷദ്വീപ് റാബിസ് രഹിതമാണ്. വിനോദസഞ്ചാരികൾക്ക് ദ്വീപുകളിലേക്ക് നായ്ക്കളെ കൊണ്ടുവരാൻ കഴിയില്ല. ലക്ഷദ്വീപിലെ സസ്യജന്തുജാലങ്ങളുടെ പട്ടികയിൽ പാമ്പ് ഇല്ല. നിങ്ങൾക്ക് ഇത് അതിശയകരമായി തോന്നിയേക്കാം.
ഇവിടെ നായ്‌ക്കളില്ലെങ്കിലും പൂച്ചകളും എലികളും ധാരാളമുണ്ട്. തെരുവുകളിലും റിസോർട്ടുകളിലും അവ അലഞ്ഞുതിരിയുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ദ്വീപിൽ 600ലധികം ഇനം മത്സ്യങ്ങളുണ്ട്. കുറഞ്ഞത് അര ഡസൻ ഇനം ബട്ടർഫ്‌ളൈ ഫിഷുകളെ ഇവിടെ കാണാൻ കഴിയും. ഇത് ലക്ഷദ്വീപിന്റെ ഭംഗി കൂട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |