അഞ്ച് വർഷം മുമ്പായിരുന്നു സിനിമാ - സീരിയൽ താരം യമുന വിവാഹിതയായത്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ ഭർത്താവ്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ താരത്തിന് രണ്ട് പെൺകുട്ടികളുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ താരം വർഷങ്ങൾക്ക് ശേഷമാണ് ദേവനെ വിവാഹം കഴിച്ചത്. ഇപ്പോഴും തന്റെ വീട്ടുകാർക്ക് രണ്ടാം വിവാഹം അംഗീകരിക്കാനായിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് യമുന. ഒരു ചാനൽ പരിപാടിക്കിടെ വികാരഭരിതയായിട്ടാണ് നടി സംസാരിച്ചത്.
'രണ്ടാം വിവാഹമാണല്ലോ എന്റേത്. ഇപ്പോഴും എന്റെ കുടുംബം ഞങ്ങളുടെ കൂടെയില്ല. അഞ്ച് വർഷമായി. ഇപ്പോഴും അവർ പറയുന്നത്, രണ്ട് പെൺകുട്ടികളെ വച്ചിട്ട് അവളെന്തിന് കല്യാണം കഴിച്ചുവെന്നാണ്. കുട്ടികളും ചേട്ടനും മാത്രമേ എന്റെ ജീവിതത്തിലുള്ളൂ. കുട്ടികളെയും കൊണ്ട് കുറേ വർഷം ഒറ്റയ്ക്ക് ജീവിച്ചപ്പോൾ വിളിച്ചുപോലും അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ ഒരാൾ വന്നപ്പോൾ പോലും അതിനെ സപ്പോർട്ട് ചെയ്യുന്നില്ല.
മക്കളാണ് എന്റെ ശക്തി. ഞങ്ങൾക്ക് പഠിച്ച് നല്ല നിലയിലേക്ക് പോകണം, ആ സമയത്ത് അമ്മ ഒറ്റപ്പെടരുതെന്നാണ് അവർ പറയുന്നത്. പഠിച്ച് ജോലിയായി തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയെ കൂടെനിർത്തി നോക്കാൻ ചിലപ്പോൾ പറ്റില്ല. അമ്മ ഒറ്റയ്ക്കായല്ലോ എന്ന വിഷമത്തിൽ ജോലിയും സന്തോഷത്തോടെ ചെയ്യാനാകില്ല. അതുകൊണ്ട് അമ്മ ഒറ്റയ്ക്കാകരുതെന്നായിരുന്നു അവർ പറഞ്ഞത്.
മൂത്ത മകൾക്ക് ശ്വാസംമുട്ടലിന്റെ പ്രശ്നമുണ്ടായിരുന്നു. ഒരുപ്രാവശ്യം കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുകയാണ്. ദൂരേക്ക് ഷൂട്ടിന് പോകുമ്പോൾ ജോലിക്കാരി വന്ന് ഭക്ഷണം പാകം ചെയ്തുവച്ച് പോകും. കുട്ടികൾ രണ്ടും ഒറ്റയ്ക്കാണ് അവിടെ. ആ സമയത്ത് മോൾക്ക് ശ്വാസംമുട്ടൽ വന്ന് കൂടുതലായിപ്പോയി. ഞാൻ ടെൻഷനാകുമെന്ന് കരുതി അവർ പറഞ്ഞുമില്ല. വീട്ടിൽ മരുന്നുകളും, ആവി പിടിക്കുന്ന മെഷീനൊക്കെ വാങ്ങിവച്ചിരുന്നു. എന്നാൽ ശ്വാസംമുട്ടൽ കടുത്തുപോയി. തീരെ നിവൃത്തിയില്ലാതായപ്പോൾ ഇളയ മോളാണ് വിളിച്ച് കാര്യം പറഞ്ഞത്.
രാത്രി പത്തര മണിക്ക് ഞാൻ കൊച്ചിയിൽ നിന്ന് ഒറ്റയ്ക്ക് വണ്ടിയോടിച്ച് തിരുവനന്തപുരത്ത് ഒരുമണിക്ക് എത്തി. അപ്പോഴേക്ക് മോള് തളർന്നുവീണു. നേരെ ആശുപത്രിയിൽ ചെന്നു. അഡ്മിറ്റ് ചെയ്തു. പത്തുദിവസം ഞാനും രണ്ട് മക്കളും ആശുപത്രിയിലായിരുന്നു. ഇളയ മകളെ നോക്കാൻ ആരുമില്ലാത്തതുകൊണ്ടാണ് അവളെയും അവിടെ നിർത്തിയത്. അവൾക്കും എനിക്കും പനി പിടിച്ചു. ഒരു മനുഷ്യനും ഇല്ലായിരുന്നു. ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് നഴ്സുമാർ കഞ്ഞിയൊക്കെ കൊണ്ടുതരുമായിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ ജീവിതം വീണ്ടും ആരംഭിച്ചത്. ഇപ്പോൾ മൂത്തയാള് എംബിബിഎസിന് പഠിക്കുകയാണ്.'- യമുന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |