കൊല്ലം: ചിങ്ങം പിറന്നതോടെ ശാസ്താംകോട്ട കോവൂരിലെ കരടികളി സംഘം സജീവമായി. അന്യംനിന്നുപോകാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോവൂരിലെയും അരിനല്ലൂരിലെയും കലാകാരന്മാർ. 40 വർഷം മുമ്പ്, പരേതരായ റിട്ട. എസ്.പി കളത്തിൽ ഗോപാലകൃഷ്ണ പിള്ള, കണ്ണൻ പിള്ള എന്നിവരുടെയും വേണു കൊട്ടക്കാട്, മണക്കാട്ട് തങ്കപ്പൻ പിള്ള, ബിജുകുമാർ, രാഹേഷ് അരിനല്ലൂർ എന്നിവരുടെയും നേതൃത്വത്തിലാണ് കരടികളി സംഘം ആരംഭിച്ചത്.
ഒരു സംഘത്തിൽ 10 മുതൽ ഇരുപത്തഞ്ചോളം പേരാണ് ഉണ്ടാകുന്നത്. ഇതിൽ രണ്ടുപേർ ആൺ-പെൺ കരടികളായും ഒരാൾ വേടനായും വേഷമിടും.
പരമ്പരാഗത രീതിയിൽ ഈർക്കിൽ കളഞ്ഞ ഓലകൊണ്ട് ശരീരം മുഴുവൻ മറച്ച്, പാലമരത്തിന്റെ തടിയിലുണ്ടാക്കിയ തലയാണ് കരടിയുടെ വേഷം. ദേഹമാസകലം കരി തേച്ച്, ചകിരിയിൽ കറുത്ത ചായം പൂശി മീശ വെച്ച് പാള കൊണ്ടുള്ള തൊപ്പിയും ധരിച്ചാണ് വേടനെത്തുന്നത്. തടികൊണ്ടുള്ള തോക്കോ അമ്പും വില്ലോ ആയിരിക്കും വേടന്റെ കൈയിലുണ്ടാവുക. കരടികൾ താളം വച്ച് തുടങ്ങുമ്പോൾ തന്നെ കരടിപ്പാട്ട് ഉയരും. കൈത്താളം കൂടാതെ ഗഞ്ചിറയും അകമ്പടിയാകും. മലനട ദുരന്തം, തെക്കൻ ഗുരുവായൂർ ക്ഷേത്രം, ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്കുള്ള റോഡ് വന്നത് എന്നിങ്ങനെ പ്രാദേശിക ചരിത്ര സംഭവങ്ങളാണ് കരടിപ്പാട്ടുകളായി അവതരിപ്പിക്കുന്നത്.
ഇത്തവണ അരിനല്ലൂരിൽ മത്സരമില്ല
കൊല്ലം ജില്ലയും ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളും കരടികളിയുടെ ഈറ്റില്ലം
നാടൻ കലാരൂപം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു
കോവൂരിലും അരിനല്ലൂരിലും ജനകീയ ഉത്സവമായി നിലനിറുത്തുന്നു
കളത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്ന് ഇത്തവണ അരിനല്ലൂരിൽ കരടികളിയില്ല
കോവൂരിൽ ഇത്തവണ കൂടുതൽ കാണികളെത്തും
കോവൂരിലെ ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 31നാണ് കരടികളി മത്സരം
സന്ധ്യയോടെ മത്സരങ്ങൾ ആരംഭിക്കും
കരടി പാട്ടുകാരൻ രാഘവൻ കളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഉൾപ്പടെ നിരവധി ടീമുകൾ രംഗത്ത്
അന്യമാകുന്ന കരടികളിയെന്ന കലാരൂപത്തെ പുതിയ തലമുറയ്ക്ക് തനിമ ചോരാതെ മനസിലാക്കിക്കൊടുക്കുന്നതിന് വേണ്ടിയാണ് കരടികളി സംഘം നിലകൊള്ളുന്നത്.
വേണു കൊട്ടക്കാട്
കരടികളി ആസ്വാദകൻ,
റിട്ട. അഡി. സെക്രട്ടറി, സെക്രട്ടേറിയറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |