ദുബായ്: സെപ്തംബർ ഒമ്പതിന് യുഎയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാനും ഹോംഗോങും തമ്മിലാണ് ആദ്യ മത്സരം. ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ആദ്യമായി പാകിസ്ഥാനെ നേരിടുമെന്നതിനാൽ ഇത്തവണത്തെ ഏഷ്യാ കപ്പ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ഇന്ത്യ പാക് സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇന്ത്യ പാക് മത്സരങ്ങൾ നടത്തുമെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ, ഒമാൻ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്ഥാനം.
അതേസമയം, അതിർത്തി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരെയും പൗരന്മാരെയും ബഹുമാനിക്കുന്നതിനായി ഇന്ത്യ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങൾ റദ്ദാക്കണമെന്നായിരുന്നു മുൻ ഇന്ത്യൻ താരങ്ങൾ അഭിപ്രായപ്പെട്ടത്. ആ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ കേദാർ ജാദവും പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
'ടീം ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവർ എവിടെ കളിച്ചാലും വിജയിക്കും. പക്ഷേ പാകിസ്ഥാനുമായി ഒരിക്കലും ഒരു മത്സരം പോലും കളിക്കരുത്," ജാദവ് പറഞ്ഞു.
നേരത്തെ, മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും പാക് മത്സരങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ടീമുകൾ തമ്മിൽ ഒരു മത്സരം ഉണ്ടായാൽ ജീവൻ നഷ്ടപ്പെട്ട സൈനികരെ പരിഹസിക്കുന്നതിന് തല്യമായിരിക്കും അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്തംബർ ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പിൽ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാക് പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |