തിരുവനന്തപുരം: ഓണം അവധിക്കാലത്തെ ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റ് തീര്‍ന്നിരുന്നു. സ്‌പെഷ്യല്‍ ട്രെയിനുകളുടെ പ്രഖ്യാപനം വൈകിയാലും ഉണ്ടാകുമെന്ന പ്രതീക്ഷ ഒരു ഭാഗത്ത്. ഇതിനിടെ അവസരം മുതലാക്കി കൊള്ള ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന സ്വകാര്യ ബസ് മുതലാളിമാര്‍. ഈ പറഞ്ഞ കടമ്പകളൊക്കെ മറികടന്ന് വേണം അന്യനാട്ടിലുള്ള മലയാളിക്ക് പോക്കറ്റ് കാലിയാകാതെ സ്വന്തം നാട്ടിലെത്തി ഓണമുണ്ണാന്‍.
എന്നാല്‍ ഇത്തവണ മലയാളിക്ക് ഓണസമ്മാനമായി പുത്തന്‍ ബസിലെ യാത്രാനുഭവം ഒരുക്കി ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുകയാണ് കെഎസ്ആര്‍ടിസി. പുതിയതായി നിരത്തിലിറക്കുന്ന ബസുകളില്‍ ആദ്യത്തെ സര്‍വീസുകള്‍ അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കായിരിക്കും. സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകളാണ് ഈ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. വിദ്യാര്‍ത്ഥികളും ഐടി മേഖലയിലെ ജീവനക്കാരുമുള്‍പ്പെടെ നിരവധി മലയാളികള്‍ ജീവിക്കുന്ന ബംഗളൂരുവിലേക്കായിരിക്കും ആദ്യത്തെ സര്‍വീസ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.
പുതിയ വോള്‍വോ ബസുകളില്‍ ഒന്ന് സെപ്തംബറില്‍ ബംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബികയിലേക്കും സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാകും ഈ രണ്ട് ബസുകളും സര്‍വീസ് നടത്തുക. പുഷ്ബാക് ലെതര്‍ സീറ്റുകള്‍, ചാര്‍ജിങ് സൗകര്യം, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ ബസുകള്‍ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടാറ്റയുടേയും അശോക് ലെയ്ലാന്‍ഡിന്റേയും ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നത്.
ഇതില്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടാറ്റയുടേയും ബാക്കിയുള്ളവ അശോക് ലെയ്ലാന്‍ഡിന്റേയുമാണ്. പൊതുജനങ്ങള്‍ക്കായി ഈ മാസം 22 മുതല്‍ 24 വരെ ബസുകള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം കനകക്കുന്നിലാണ് പ്രദര്‍ശനം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |