കൊല്ലം: ഗ്രാമപ്രദേശങ്ങളിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാക്കി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 65 ഓർഡിനറി സർവീസുകളാണ് ജില്ലയിൽ ഇല്ലാതായത്. കൊല്ലം ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി സവീസുകൾ കുറഞ്ഞത്.
ഉൾപ്രദേശങ്ങളിലൂടെയുള്ള ലാഭകരമല്ലാത്ത സർവീസുകളാണ് കൂടുതലായും വെട്ടിക്കുറച്ചത്.
ഈ റൂട്ടുകളിൽ ആകെയുണ്ടായിരുന്ന ഒന്നും രണ്ടും ബസുകളാണ് ഇതോടെ ഇല്ലാതായത്. ഈ മേഖലയിലെ വിദ്യാർത്ഥികളും തൊഴിലാളികളും രാവിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാനും മടങ്ങിയെത്താനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും പ്രധാന റൂട്ടുകളിലെത്തിയാണ് ബസുകളിൽ കയറുന്നത്.
റോഡുകൾ തകർന്നതിനാൽ ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയുമുണ്ട്. സ്ഥിരം യാത്രക്കാരും വിദ്യാർത്ഥികളുമാണ് ഇതുമൂലം കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. രാവിലത്തെ ട്രെയിനിൽ തിരുവനന്തപുരത്തും എറണാകുളത്തും ജോലിക്ക് പോകുന്നവരും സ്വകാര്യ വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിലെത്തേണ്ട അവസ്ഥയാണ്. ഗതാഗത മന്ത്രിയുടെ ജില്ലയിൽ യാത്രാക്ളേശം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഓടാൻ ബസ് ഇല്ല
പല ബസുകളും കാലപ്പഴക്കത്തിൽ കണ്ടം ചെയ്യാറായി
സർവീസിന് യോഗ്യമല്ല, പലതും കട്ടപ്പുറത്ത്
ആനുപാതികമായി പുതിയ ബസുകൾ ലഭിക്കുന്നില്ല
ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ലാഭകരം
അതിനാൽ കാലപ്പഴക്കമുള്ള ബസുകളും ഫാസ്റ്റായി ഓടുന്നു
ഓർഡിനറി സർവീസിന് ബസ് ഇല്ല
മന്ത്രിയുടെ മണ്ഡലത്തിൽ കൂടി
ജില്ലയിലെ ആറ് ഡിപ്പോകളിൽ ഓർഡിനറി സർവീസുകൾ ഇടിഞ്ഞപ്പോൾ ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലെ പത്തനാപുരം ഡിപ്പോയിലും ഇവിടേക്ക് സർവീസ് നടത്തുന്ന പുനലൂർ ഡിപ്പോയിലും നാല് വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ ഓർഡിനറി സർവീസുകൾ കൂടി. സർവീസ് ലാഭകരമായി ഓപ്പറേറ്റ് ചെയ്യുന്നതിനാൽ കുളത്തൂപ്പുഴ ഡിപ്പോയിൽ ഒരു ഓർഡിനറി സർവീസ് കൂട്ടി.
ഡിപ്പോ, സർവീസിലെ ഇടിവ്
ചാത്തന്നൂർ-7
കൊല്ലം-32
ചടയമംഗലം-12
കൊട്ടാരക്കര-6
കരുനാഗപ്പള്ളി-5
ആര്യങ്കാവ്-3
ഡിപ്പോ, സർവീസിലെ വർദ്ധന
പത്തനാപുരം-5
പുനലൂർ-10
കുളത്തൂപ്പുഴ-1
ലാഭകരമല്ലെന്ന പേരിൽ വെട്ടിക്കുറിച്ച ഓർഡിനറി സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണം. ജനങ്ങളുടെ യാത്രാക്ളേശം പരിഹരിക്കണം.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |