കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവറായ രാജേഷിനെ ആത്മഹത്യയിലേക്ക് നയിച്ച മർദ്ദനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് വെളിപ്പെടുത്തി രാജേഷിന്റെ ഭാര്യ രജിഷ. മർദ്ദനത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നും രാജേഷിന്റെ ഓട്ടോ സ്റ്റാൻഡിൽ നിർത്തുന്നത് സംബന്ധിച്ചുണ്ടായ ആക്രമണമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും രജിഷ പറഞ്ഞു. തന്റെ ഭർത്താവിന് രാഷ്ട്രീയ പ്രവർത്തനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും രജിഷ വ്യക്തമാക്കി.
പത്ത് പേരിലധികം പേർ ചേർന്നാണ് രാജേഷിനെ മർദ്ദിച്ചതെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും രജിഷ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പോകുന്നയാളല്ല തന്റെ ഭർത്താവെന്നും നേരത്തെയും ഓട്ടോറിക്ഷ, സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് പ്രശ്‌നം ഉണ്ടായിരുന്നെന്നും ഭീഷണി നേരിട്ടിരുന്നുവെന്നും ഭാര്യ പറഞ്ഞു. കക്ക വാരൽ അടക്കം നിരവധി തൊഴിലുകൾ ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാജേഷ് വായ്പ്പയെടുത്താണ് ഓട്ടോ വാങ്ങിയത്.
ഓട്ടോയുമായി എലത്തൂർ സ്റ്റാന്റിലെത്തിയ രാജേഷിനെ സി.ഐ.ടി.യുക്കാരായ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു. ക്രമേണ ഇവർ തമ്മിലുള്ള സംഘർഷം മൂർച്ഛിച്ച് അത് രാജേഷിനെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്നതിലേക്ക് ചെന്നെത്തുകയായിരുന്നു. തന്നെ കൂട്ടമായി ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചതിനെ തുടർന്ന് മനോവിഷമം താങ്ങാനാകാതെയാണ് രാജേഷ് ഓട്ടോയിൽ ഉണ്ടായിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്.
രാജേഷ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത് വന്നിരുന്നു. മൃതദേഹവുമായി റോഡ് ഉപരോധിച്ച പാർട്ടിക്കാർ, സി.പി.എമ്മുമായി ചേർന്ന് പൊലീസ് ഒത്തുകളിക്കുകയാണെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുയർത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |