കൊച്ചി: മരപ്പട്ടികൾ 'ശല്യക്കാരായ വ്യവഹാരി"കളായതോടെ ഹൈക്കോടതിയുടെ ഒന്നാം നമ്പർ ബെഞ്ചിൽ കേസുകൾ മുടങ്ങി. അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സിറ്റിംഗ് നിറുത്തിവച്ചു. കോടതി ഹാളും മച്ചും ശരിയായി ശുചീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി ജഡ്‌ജിമാർ മടങ്ങി.
കോടതി ഹാളിൽ അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മൂത്രത്തിന്റെ ദുർഗന്ധം കാരണമാണ് സിറ്റിംഗ് നിറുത്തിവച്ചത്. മച്ചിൽ നിന്നും എ.സി ഡക്ടുകളിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നതെന്നും വ്യക്തമായി. ഹാൾ വൃത്തിയാക്കിയ ശേഷം ഇന്ന് പതിവുപോലെ സിറ്റിംഗ് തുടരും.
ആഭിചാര പ്രവർത്തനങ്ങളും മന്ത്രവാദവും നിയന്ത്രിക്കാൻ നിയമ നിർമ്മാണം ആവശ്യപ്പെടുന്ന ഹർജിയടക്കമാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരിഗണിക്കേണ്ടിയിരുന്നത്. തിങ്കളാഴ്ച രാത്രി കോടതി ഹാളിൽ നിന്ന് കെണിവച്ച് പിടിച്ച മരപ്പട്ടിയെ വനം വകുപ്പിന് കൈമാറിയിരുന്നു.
കോടതി ഹാളിൽ സീലിംഗിലെ എയർ കണ്ടീഷൻ ഡക്ടിലാണ് മരപ്പട്ടിയെ കണ്ടെത്തിയത്. സി.സി ടി.വിയിൽ ദൃശ്യം പതിഞ്ഞതോടെയാണ് മരപ്പട്ടി പതിയിരിക്കുന്ന ഇടം വ്യക്തമായത്. മംഗളവനം പക്ഷിസങ്കേതവുമായി ഹൈക്കോടതി സമുച്ചയത്തിനുള്ള സാമീപ്യവും മരപ്പട്ടികളുടെ സാന്നിദ്ധ്യത്തിന് കാരണമാണെന്ന് കരുതുന്നു.
പഴയ ഹൈക്കോടതി വളപ്പിൽ മലമ്പാമ്പ്
പഴയ ഹൈക്കോടതി കെട്ടിടമായ റാംമോഹൻ പാലസിന്റെ വളപ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് കർമ്മസേനയുടെ സഹായത്തോടെ പിടികൂടി വനത്തിൽ വിട്ടു. മരപ്പട്ടി ശല്യത്താൽ വാദം കേൾക്കൽ നിറുത്തേണ്ടി വന്ന പുതിയ ഹൈക്കോടതി മന്ദിരത്തോട് ചേർന്നാണ് റാംമോഹൻ പാലസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |