മുംബയ്: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ ഇതുവരെ എട്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിരവധി പേരെ കാണാതായി. നൂറിലധികം പേരെ രക്ഷപ്പെടുത്തി. വരും മണിക്കൂറുകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. മുംബയ്,താനെ,റായ്ഗഡ്,രത്നഗിരി,സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. രണ്ട് ദിവസമായി പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം 12-14 ലക്ഷം ഹെക്ടർ ഭൂമിയിലെ വിളകൾ നശിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു.
കേന്ദ്രകാലാവസ്ഥാ വകുപ്പ് മുംബയ്,താനെ,റായ്ഗഢ്,രത്നഗിരി,പൽഘാർ എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയിൽ മാത്രം 300 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം, രണ്ട് ദിവസമായി മുംബയ് നഗരം വെള്ളത്തിനടിയിലാണ്. ദാദർ,മാട്ടുംഗ,സിയോൺ,അന്ധേരി,പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുഷ്‌കരമാക്കി. ബൈക്കുല്ല,കലചൗക്കി,താനെ, ഘട്‌കോപ്പർ,വിദ്യാവിഹാർ,വിക്രോളി,ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബയ് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും സർക്കാർ നിർദ്ദേശിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. കനത്ത മഴയെ തുടർന്ന് ഇന്നലെ ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവർത്തിച്ചത്.
അതേസമയം, ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ടെന്നും കലാവസ്ഥ വിഭാഗം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ എസ്.ഡി.ആർ.എഫിനെയും എൻ.ഡി.ആർ.എഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ഫഡ്നാവിസ് അറിയിച്ചു. മിഠി നദി കരകവിഞ്ഞതിനാൽ കുർള പ്രദേശത്തുള്ള 350 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റായ്ഗഢിയിൽ മണ്ണിടിച്ചിലിൽ 75കാരിയായ വിധ മോട്ടിറാം ഗായ്കർ എന്ന സ്ത്രീ മരിച്ചു.
253 വിമാനങ്ങൾ
വൈകി
കനത്ത മഴയെ തുടർന്ന് മുംബയ് വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതം താറുമാറായി. ഇവിടെ നിന്ന് പുറപ്പെടേണ്ട 253 വിമാനങ്ങൾ വൈകി. 14 വിമാനങ്ങൾ സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. അതേസമയം റോഡുകൾ,സബ്‌വേകൾ,റെയിൽ ട്രാക്കുകൾ എന്നിവ വെള്ളത്തിനടിയിലായി. സെൻട്രൽ റെയിൽവേ ലൈനിലെ ട്രെയിൻ സർവീസുകൾ 20 മുതൽ 30 മിനിറ്റിലധികം വൈകി. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി. മരങ്ങൾ കടപുഴകി വീണതിനാൽ നിരവധി പാതകളിൽ ഗതാഗതം തടസപ്പെട്ടു.
വൈദ്യുതി നിലച്ചു: മോണോറെയിൽ
ട്രെയിൻ ഉയരപ്പാതയിൽ കുടുങ്ങി
കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ഇതോടെ 200 ഓളം യാത്രക്കാർ ട്രെയിനുള്ളി മൂന്ന് മണിക്കൂറിലധികം കുടുങ്ങികിടന്നു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി മോണോറെയിലിന്റെ ജനൽച്ചില്ലുകൾ തകർത്ത് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് രാത്രി 9:15 ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകൾ തുറക്കാന് കഴിഞ്ഞില്ലെന്നും എസി തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും യാത്രക്കാർ പറഞ്ഞു.
മുംബയ് മൈസൂർ കോളനി സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കിൽ നിന്നുപോയത്. ഇതോടെ യാത്രക്കാർ ഏറെനേരമായി ട്രെയിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങളും ടെക്നീഷ്യൻമാരും എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകൾ തുറന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയത്. അതേസമയം, അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞെന്നും ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |