മുംബയ്: കനത്ത മഴയെ തുടർന്ന് വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബയിലെ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ഇതോടെ 200 ഓളം യാത്രക്കാർ ട്രെയിനുള്ളി മൂന്ന് മണിക്കൂറിലധികം കുടുങ്ങികിടന്നു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി മോണോറെയിലിന്റെ ജനൽച്ചില്ലുകൾ തകർത്ത് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് രാത്രി 9:15 ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകൾ തുറക്കാന്‍ കഴിഞ്ഞില്ലെന്നും എസി തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും യാത്രക്കാർ പറഞ്ഞു.
മുംബയ് മൈസൂർ കോളനി സ്‌റ്റേഷനു സമീപം ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കിൽ നിന്നുപോയത്. ഇതോടെ യാത്രക്കാർ ഏറെനേരമായി ട്രെയിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങളും ടെക്നീഷ്യൻമാരും എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകൾ തുറന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയറിയത്. അതേസമയം, അമിതഭാരം കാരണം ട്രെയിൻ ഒരു വശത്തേക്ക് ചെരിഞ്ഞെന്നും ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |