കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 21-ാം നൂറ്റാണ്ടിൽ ജനിച്ച 2കെ തലമുറയ്‌ക്ക് ഭരണാധികാരികളാകാനുള്ള കന്നിയങ്കമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ 21 പൂർത്തിയാകണം.
2021ന് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പുകളിൽ 2കെ തലമുറയിലെ ചിലർക്കൊക്കെ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികളാകാനുള്ള അവസരം ആദ്യമായാണ്. പ്രായം 25ൽ എത്തിയവർക്ക് പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കും ഒരു കൈ നോക്കാം.
നിലവിലുള്ള പഞ്ചായത്ത് ഭരണസമിതികളിൽ പറവൂർ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ നിഖിത ജോബിയാണ് 2കെ പുതുതലമുറയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി. 2001ൽ ജനിച്ച നിഖിത 2023 ആഗസ്റ്റ് 18ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇറങ്ങുമ്പോൾ 21 വയസായിരുന്നു. ഇപ്പോൾ 23-ാം വയസിലും ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി എന്ന റെക്കാഡുമായി തുടരുന്നു.
2020ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അരുവാപ്പാലം ഗ്രാമപഞ്ചായത്തിൽ 21കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ രേഷ്മ ജനിച്ചത് 1999 നവംബർ 18നാണ്. അതുകൊണ്ട് 2കെ തലമുറയുടെ ഭാഗമാകില്ല. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ കൊണ്ടോട്ടിയിലെ നിത ബഷീറും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രനുമാണ്. നിത ബഷീർ 26-ാം വയസിലും ആര്യ രാജേന്ദ്രൻ 21-ാം വയസിലുമാണ് ജനപ്രതിനിധിയായതും അദ്ധ്യക്ഷ പദവിയിൽ എത്തിയതും. ഇരുവരും ഇരുപതാംനൂറ്റാണ്ടിൽ ജനിച്ചവരാണ്.
18ലും മത്സരിക്കാനാകുമോ?
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞപ്രായം 21ൽ നിന്ന് 18 ആക്കണമെന്ന് പാർലമെന്റിന്റെ പേഴ്സണൽ, പൊതുപരാതി, നീതിന്യായ വകുപ്പ് സ്ഥിരം സമിതി 2023 ആഗസ്റ്റിൽ ശുപാർശ ചെയ്തിട്ടുണ്ട്. നേരത്തെ 2023 ജനുവരി 11ന് ഇത്തരമൊരു നിർദ്ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. വോട്ട് ചെയ്യാനുള്ള കുറഞ്ഞപ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ചത് 1988ലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |