രാമായണ കഥയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട്. എല്ലാവരും ഇത്തരത്തിൽ കേട്ടിട്ടുള്ള സ്ഥലങ്ങളിലൊന്ന് ചടയമംഗലമാണ്. സീതാ അപഹരണം നടത്തിയ രാവണനെ തടയുന്നതിനിടെ പക്ഷിരാജനായ ജഡായു ചിറകറ്റുവീണു എന്ന ഐതിഹ്യമാണ് ചടയമംഗലത്തെ ജഡായു പാറയിലുള്ളത്. ഇതുപോലെ രാമായണ കഥയുമായി ബന്ധമുള്ളൊരു സ്ഥലം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ പൊന്മുടിയിലുമുണ്ട്.
പൊന്മുടി മലയുടെ സമീപത്ത് നിന്നും അൽപദൂരം വനത്തിനുള്ളിൽ നടന്നാൽ എത്തുന്ന സ്ഥലമാണ് സീതാതീർത്ഥം. വർഷത്തിൽ ഒരു ദിനം മാത്രം ഭക്തർക്ക് തുറന്നുകൊടുക്കുന്ന സ്ഥലമാണ് സീതാതീർത്ഥം. മകരമാസത്തിലാണത്. അന്നാണ് സീതാതീർത്ഥത്തിൽ മകരപൊങ്കാല. പാറക്കെട്ടുകളും ഈറ്റക്കാടുകളും നിറഞ്ഞതും പാമ്പുകളും പലതരം കിളികളും താമസിക്കുന്നതുമായ കുത്തനെയുള്ള മലയിലൂടെ നടന്നുവേണം സീതാതീർത്ഥത്തിലെത്താൻ. കുത്തനെയുള്ള കയറ്റം കടന്നുവേണം മുകളിലെത്താൻ. പോകുംവഴി കൃത്യമായി ക്ഷേത്ര സമിതി അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. വഴിയിലായി മാടൻ നട എന്ന ആരാധനാസ്ഥലവും ഉണ്ട്. ചിലർ ഇവിടെ കാണിക്കയിടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഒരാൾ പൊക്കമുള്ള പുല്ലുകൾ നിറഞ്ഞ ശക്തമായ തണുത്ത കാറ്റുള്ള വഴിയാണ് സീതാതീർത്ഥത്തിലെത്താൻ താണ്ടേണ്ടത്.
മഴക്കാലത്ത് ഇവിടെയെത്തുന്നതിന് അനുവാദമില്ല. വർഷത്തിലൊരിക്കൽ സീതാതീർത്ഥത്തിന് സമീപം മകരപൊങ്കാല ആഘോഷിക്കുന്ന ദിവസം മാത്രമാണ് ഇവിടേക്ക് ഭക്തജനങ്ങൾക്ക് സൗജന്യമായി പ്രവേശനമുള്ളത്. മലയുടെ മുകളിൽ വനവാസകാലത്ത് ഇവിടെത്തിയ സീതാദേവിയുടെ പാദം പതിഞ്ഞയിടം എന്ന് കരുതുന്നയിടത്ത് അത് അടയാളപ്പെടുത്തിയിട്ടുണ്ട്. കാണി വിഭാഗക്കാരുടെതാണ് ഇവിടുത്തെ ആരാധനാ രീതി. ശ്രീകോവിൽ മാതിരിയുള്ള ക്ഷേത്ര നിർമ്മിതികളൊന്നും ഇല്ല. സീതാദേവി കുളിക്കാനുപയോഗിച്ചെന്ന് ഇവിടുത്തുകാർ കരുതുന്നൊരു കുളം ഉണ്ട് അതാണ് സീതാതീർത്ഥം. പ്രകൃതിയുടെ കുളിർമ്മ ഇഷ്‌ടമുള്ളവരും പുരാണകഥകളിൽ താൽപര്യമുള്ളവരും സന്ദർശിക്കാവുന്ന ഇടമാണ് ഇവിടം.
ടൂറിസം പാക്കേജ് വഴിയും ഇവിടെ വരാനാകും. പൊന്മുടി പ്രവേശനത്തിന് എത്തുന്നവർ ഇക്കാര്യം പറഞ്ഞ് അനുമതി വാങ്ങണം. 2000 രൂപയാണ് ട്രക്കിംഗ് ഫീസ്. മഴക്കാലത്തും മഞ്ഞുകാലത്തും വഴി തീർത്തും ദുർഘടം നിറഞ്ഞതാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |