ഹൈക്കോടതി നിശ്ചയിച്ച സമയപരിധിയിൽ വിധിയുണ്ടാകില്ല
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വീണ്ടും നീളും. പ്രാരംഭവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ തുടങ്ങാനിരുന്നതാണെങ്കിലും സെപ്തംബർ 30ലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിൽ ഇതേ കോടതി വിധി പറയാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് തീയതിമാറ്റം.
അഭിമന്യു കേസിൽ ഒമ്പത് മാസത്തിനകം വിധിപറയുമെന്ന് കഴിഞ്ഞ ജനുവരിയിൽ വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഭൂപതി സമർപ്പിച്ച ഹർജിയിലാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഇക്കാര്യം അറിയിച്ചത്. അന്ന് ഹൈക്കോടതി നിശ്ചയിച്ച സമയപരിധി നവംബർ ഒന്നിന് പൂർത്തിയാകും. അതിനകം വിധിപറയുക പ്രയാസമാകും.
അഭിമന്യു മരിച്ചിട്ട് ഏഴുവർഷം
2018 ജൂലായ് രണ്ടിനാണ് ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കുത്തേറ്റുമരിച്ചത്. ചുമരെഴുത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ക്യാമ്പസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 26 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആദ്യം അറസ്റ്റിലായ 16 പേരുടെ വിചാരണയാണ് ആദ്യം നടക്കേണ്ടത്. ഒരുവർഷത്തിനിടെ എട്ടാം തവണയാണ് കേസ് വിളിച്ചശേഷം മാറ്റുന്നത്.
ഏഴുവർഷം പിന്നിടുമ്പോൾ നിർണായക സാക്ഷികൾ പലരും വിദേശത്താണെന്നത് പ്രോസിക്യൂഷന് വെല്ലുവിളിയാണ്. കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കം 11 രേഖകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടതും ആശയക്കുഴപ്പമുണ്ടാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം രേഖകൾ പ്രോസിക്യൂഷൻ വീണ്ടും തയ്യാറാക്കി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |